ഐറിഷ് സര്‍ക്കാരിന്റെ ഭവനപദ്ധതിയില്‍ സമൂലമായ മാറ്റം വേണമെന്ന നിര്‍ദ്ദേശങ്ങളടങ്ങിയ ഹൗസിങ് കമ്മിഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നു. വീടുകളുടെ വില, ഗുണമേന്മ, ഫസ്റ്റ് ടൈം ബയേഴ്‌സിന് വീട് വാങ്ങാനുള്ള ശേഷി, സോഷ്യല്‍ ഹൗസിങ്, റൂറല്‍ ഹൗസിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് 76 നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് ചോര്‍ന്നത്. രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കാനായി പുതിയ സമിതി രൂപീകരിക്കണമെന്നും, സര്‍ക്കാര്‍ ധനസഹായം വര്‍ദ്ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
രാജ്യത്ത് വാടകമേഖല, വീടുകളുടെ ഗുണമേന്മ, സുസ്ഥിരത, വീടുകളുമായി ബന്ധപ്പെട്ട ജീവിതപ്രശ്‌നങ്ങള്‍ മുതലായവ പരിശോധിക്കാനായി സര്‍ക്കാര്‍ നിയമിച്ച സമിതിയാണ് ഹൗസിങ് കമ്മിഷന്‍. തുടര്‍ന്ന് കമ്മിഷന്‍ പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, സര്‍ക്കാരിന്റെ പല നയങ്ങളും ഫലം കാണുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്.
ദീര്‍ഘകാല ലീസിങ് പോലുള്ള പദ്ധതികളില്‍ അമിതമായി സര്‍ക്കാര്‍ പണം ചെലവാക്കുകയും, എന്നാല്‍ വളരെ ചെറിയ ഗുണം മാത്രം ലഭിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭവന നിര്‍മ്മാണത്തിന് അടിയന്തര സാമ്പത്തിക മുന്‍ഗണന നല്‍കാത്തതും, ഭവനപദ്ധതികള്‍ സ്ഥിരതയോടെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തതുമാണ് ഭവനപ്രതിസന്ധി ഉടലെടുക്കാന്‍ കാരണമെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു. ഭവനപദ്ധതികളിലെ സമൂലമായ പരിഷ്‌കാരമാണ് പരിഹാരമായി കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്നത്. വീടുകളുടെ ലഭ്യതക്കുറവ് തന്നെയാണ് നിലവിലെ പ്രധാന പ്രതിസന്ധി എന്നും റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു.
റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നാലെ സര്‍ക്കാരിന്റെ ഭവനനയങ്ങള്‍ക്കെതിരെ പ്രതിപക്ഷമായ Sinn Fein അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. അതേസമയം കമ്മിഷന്റെ എല്ലാ നിര്‍ദ്ദേശങ്ങളും കൃത്യമായി പരിശോധിക്കുമെന്നും, പരിഗണിക്കുമെന്നും ഭവനമന്ത്രി ഡാര ഒബ്രിയന്‍ പ്രതികരിച്ചു. നിര്‍ദ്ദേശങ്ങളില്‍ പലതും ഇതിനോടകം നടപ്പിലാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.