അമിത തിരക്ക് സ്ഥിരം സംഭവമായ University Hospital Limerick (UHL)-ല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 239 രോഗികള്‍ ട്രോളികളില്‍ ചികിത്സ തേടുന്നതിനിടെ മരിച്ചതായി വെളിപ്പെടുത്തല്‍. UHL മേധാവിയായ Colette Cowan, Regional Health Forum West-ന് നല്‍കിയ റിപ്പോര്‍ട്ടിലാണ് നടുക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. UHL-ല്‍ കൃത്യമായ ചികിത്സ ലഭിക്കാതെ 16-കാരിയായ Aoife Johnston മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
Sepsis കാരണം ആശുപത്രിയിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിപ്പിക്കപ്പെട്ട Aoife-ക്ക് 12 മണിക്കൂര്‍ നേരമാണ് ഡോക്ടറുടെ പരിശോധനയ്ക്കായി കാത്തിരിക്കേണ്ടി വന്നത്. ജീവന്‍ രക്ഷിക്കാനാവശ്യമായ മരുന്ന് നല്‍കുന്നത് വൈകിയതോടെ Aoife മരണത്തിന് കീഴടങ്ങുകയായിരുന്നു. രോഗികളുടെ അമിതമായ തിരക്ക് കാരണമാണ് കൃത്യസമയത്ത് ചികിത്സ നല്‍കാന്‍ സാധിക്കാതിരുന്നതെന്ന് ഇവരെ പരിശോധിച്ച ഡോക്ടര്‍ അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു. 2022 ഡിസംബറിലാണ് സംഭവം നടന്നത്.
UHL-ല്‍ ചികിത്സയ്‌ക്കെത്തിയ ശേഷം മരിച്ച ഷാനണ്‍ സ്വദേശിയായ Martin Abbott എന്ന 65-കാരന്റെ മൃതദേഹം വരാന്തയില്‍ ഒരു മണിക്കൂറോളം ആരും ശ്രദ്ധിക്കാതെ കിടന്നതായുള്ള ഒരു റിപ്പോര്‍ട്ടും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തുവന്നിരുന്നു. 2019-ലായിരുന്നു ഈ സംഭവം നടന്നത്.
ഇതെല്ലാം വിവാദമായതിന് പിന്നാലെ ക്ലെയറിലെ Fianna Fail കൗണ്‍സിലറായ കിലിയന്‍ മര്‍ഫി, UHL-ല്‍ ട്രോളികളില്‍ കിടന്ന് മരിച്ച രോഗികളുടെ കണക്കുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് 239 രോഗികള്‍ ഇത്തരത്തില്‍ മരിച്ചതായുള്ള കണക്ക് ലഭ്യമായിരിക്കുന്നത്. 2019 മുതല്‍ 2023 വരെയുള്ള കണക്കുകളാണിത്.
UHL-ന് പുറമെ മറ്റ് ഏതാനും ആശുപത്രികളിലെ വിവരങ്ങളും ലഭ്യമായിട്ടുണ്ട്. Galway University Hospital-ല്‍ 195 രോഗികള്‍, Sligo University Hospital-ല്‍ 150, Mayo University Hospital-ല്‍ 117, Letterkenny University Hospital-ല്‍ 108, Portuncula University Hospital-ല്‍ 72 രോഗികള്‍ എന്നിങ്ങനെയാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലായും, അതിന് പുറത്ത് ചികിത്സയ്ക്കായി ബെഡ്ഡ് ലഭിക്കാതെയും മരിച്ച രോഗികളുടെ കണക്ക്.