അയര്‍ലണ്ടില്‍ കോവിഡിന്റെ പുതിയ ‘FLiRT’ വകഭേദങ്ങളായ KP.1.1, KP.2 എന്നിവ സ്ഥിരീകരിച്ചു. മെയ് 21 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 23 പേര്‍ക്ക് ഈ വകഭേദങ്ങളുള്ള കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെയുണ്ടായിരുന്ന ഒമിക്രോണ്‍ വിഭാഗത്തില്‍ തന്നെ പെടുന്ന വകഭേദമാണ് പുതിയ രണ്ടെണ്ണവും. മുന്‍ വകഭേദങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ പരക്കാന്‍ സാധ്യതയുള്ളവയാണ് ഇവയെന്ന് സംശയമുണ്ട്.
വൈറസുകള്‍ നിരന്തരം മ്യൂട്ടേഷനുകള്‍ക്ക് വിധേയമാകുകയും പുതിയ വകഭേദങ്ങള്‍ രൂപപ്പെടുകയും ചെയ്യും. പുതിയ വകഭേദങ്ങള്‍ ചിലപ്പോള്‍ പഴയവയെക്കാള്‍ അപകടകാരികളാകുകയും ചെയ്യും. യു.കെയില്‍ ഈയിടെയായി കോവിഡ് ബാധ വര്‍ദ്ധിച്ചത് പുതിയ വകഭേദങ്ങള്‍ കാരണമാണെന്നാണ് നിഗമനം.
സാധാരണ കോവിഡ് ബാധയ്ക്ക് സമാനമായ രോഗലക്ഷണങ്ങളാണ് പുതിയ വകഭേദങ്ങളും ഉണ്ടാക്കുന്നത്. ശക്തമായ പനി, കഫക്കെട്ട്, രുചിയും മണവും നഷ്ടപ്പെടല്‍, ശ്വാസതടസം, ശരീരവേദന, തലവേദന, തൊണ്ടയില്‍ കരകരപ്പ്, ജലദോഷം, വയറിളക്കം, ക്ഷീണം മുതലായ ലക്ഷണങ്ങള്‍ കണ്ടാല്‍ മറ്റുള്ളവരില്‍ നിന്നും 48 മണിക്കൂര്‍ നേരം അകന്ന് കഴിയണമെന്ന് HSE അറിയിക്കുന്നു. ഇതില്‍ തന്നെ ക്ഷീണം, പനി, വരണ്ട ചുമ എന്നിവയാണ് പ്രധാനലക്ഷണങ്ങളായി കണക്കാക്കേണ്ടത്. ശേഷം ടെസ്റ്റ് നടത്തി പോസിറ്റീവ് ആയാല്‍ രോഗലക്ഷണം തുടങ്ങിയത് മുതലുള്ള 5 ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം.