അയർലണ്ടിൽ ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകളിൽ 32% വർദ്ധന; മുന്നറിയിപ്പ് നൽകി ബാങ്ക് ഓഫ് അയർലണ്ട്

അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് തട്ടിപ്പുകള്‍ കുതിച്ചുയര്‍ന്നതായി ബാങ്ക് ഓഫ് അയര്‍ലണ്ട്. കഴിഞ്ഞ വര്‍ഷം തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിപ്പുകളില്‍ 32% വര്‍ദ്ധനയുണ്ടായതായാണ് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.

സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വില്‍ക്കപ്പെടുന്ന പരസ്യം കണ്ട് ക്ലിക്ക് ചെയ്യുക, നേരിട്ട് മാത്രം പണം സ്വീകരിക്കുക, ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും വേറെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് പണം അയയ്ക്കുക മുതലായ രീതികളിലാണ് ഏറ്റവുമധികം തട്ടിപ്പ് നടക്കുന്നത്. ഇത്തരം രീതികളില്‍ സുരക്ഷ വളരെ കുറവുമാണ്. പണം അയച്ച് കിട്ടിയതിന് പിന്നാലെ വില്‍പ്പനക്കാര്‍ ഉപഭോക്താവുമായുള്ള ബന്ധം വിച്ഛേദിക്കുകയും, ഓര്‍ഡര്‍ ചെയ്ത സാധനമോ, സേവനമോ ലഭിക്കാതാകുകയും ചെയ്യുന്നു.

സോഷ്യല്‍ മീഡിയയില്‍ കാണുന്ന പരസ്യങ്ങളാണ് മിക്ക തട്ടിപ്പുകള്‍ക്കും ആധാരമെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ടില്‍ തട്ടിപ്പ് കേസുകള്‍ കൈകാര്യം ചെയ്യുന്ന വകുപ്പ് മേധാവിയായ നിക്കോള സാഡ്‌ലിയര്‍ പറയുന്നു. കാലങ്ങളായി ഇത് തുടരുന്നതാണെന്നും, ബോധവല്‍ക്കരണം വര്‍ദ്ധിച്ചിട്ടും തട്ടിപ്പുകള്‍ കുറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇത്തരം തട്ടിപ്പ് പരസ്യങ്ങള്‍ക്ക് തടയിടാന്‍ സെര്‍ച്ച് എഞ്ചിനുകളോ, വെബ്‌സൈറ്റുകളോ, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോ നടപടികളെടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പകരം പരസ്യത്തില്‍ നിന്നും വരുമാനം നേടുകയാണ് അവര്‍ ചെയ്യുന്നത്. ഇത്തരം പരസ്യങ്ങളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുതെന്നാണ് തങ്ങളുടെ മുന്നറിയിപ്പ് എന്നും, വളരെ മികച്ച, അവിശ്വസനീയമായ ഒരു ഓഫര്‍ കാണുകയാണെങ്കില്‍ മികപ്പോഴും അത് തട്ടിപ്പായിരിക്കുമെന്ന് തിരിച്ചറിയണമെന്നും സാഡ്‌ലിയര്‍ പറയുന്നു.

തെറ്റായ സ്‌പെല്ലിങ്, തെറ്റായ ഗ്രാമര്‍, പ്രോഡക്ട് ഡിസ്‌ക്രിപ്ഷന്‍ ശരിയായി നല്‍കാതിരിക്കുക, റിവ്യൂസ് മുതലായവയെല്ലാം സെല്ലര്‍ തട്ടിപ്പുകാരാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്. പരസ്യത്തില്‍ ക്ലിക്ക് ചെയ്താല്‍ മിക്കപ്പോഴും തട്ടിപ്പ് വെബ്‌സൈറ്റുകളിലാകും ചെന്നെത്തുന്നത്. അതിനാല്‍ ഒരു ഉല്‍പ്പന്നത്തെ പറ്റി ഓഫര്‍ കണ്ടാല്‍, പ്രസ്തുത വെബ്‌സൈറ്റിന്റെ പേര് ബ്രൗസറില്‍ ടൈപ്പ് ചെയ്ത്, നേരിട്ട് ആ വെബ്‌സൈറ്റില്‍ പോയി മാത്രം വിവരങ്ങള്‍ പരിശോധിക്കുക.

പേയ്‌മെന്റ് ചെയ്യുമ്പോള്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളോ, മറ്റ് സുരക്ഷിത മാര്‍ഗ്ഗങ്ങളോ മാത്രം ഉപയോഗിക്കുക, നേരിട്ട് പണം നല്‍കല്‍, നേരിട്ട് ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്യല്‍ എന്നിവ നടത്തരുത്. അഥവാ തട്ടിപ്പില്‍ പെട്ടാല്‍ അത് നാണക്കേട് കാരണം മറച്ചുവയ്ക്കാതെ ഗാര്‍ഡയെയോ, ബാങ്കിനെയോ അറിയിക്കുകയും ചെയ്യുക.

Share this news

Leave a Reply

%d bloggers like this: