ഒരു വര്‍ഷത്തിനിടെ തുടര്‍ച്ചയായി മൂന്നാം തവണയും പ്രീമിയം വര്‍ദ്ധിപ്പിക്കാന്‍ Irish Life Health. പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വിവിധ പ്ലാനുകളിലെ ഇന്‍ഷുറന്‍സ് പ്രീമിയം തുകകള്‍ 1.6% മുതല്‍ 7.9% വരെ വര്‍ദ്ധിക്കുമെന്നാണ് അയര്‍ലണ്ടിലെ പ്രമുഖ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ Irish Life Health അറിയിച്ചിരിക്കുന്നത്.
പുതിയ ഉപഭോക്താക്കള്‍ക്ക് ജൂലൈ 1 മുതല്‍ അധിക തുക നിലവില്‍ വരും. ജൂലൈ 1-ന് ശേഷം നിലവിലെ പോളിസി പുതുക്കുന്നവര്‍ക്കും അധിക തുക ബാധകമാകും.
രാജ്യത്തെ പൊതു, സ്വകാര്യ ആശുപത്രികളിലെ ആരോഗ്യസേവനത്തിന് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതാണ് പ്രീമിയം വര്‍ദ്ധിപ്പിക്കുന്നതിലേയ്ക്ക് നയിച്ചതെന്നാണ് കമ്പനി പറയുന്നത്. ഇത് ക്ലെയിമുകള്‍ വര്‍ദ്ധിക്കാനും കാരണമായി. കഴിഞ്ഞ ജൂലൈയില്‍ പ്രീമിയം വര്‍ദ്ധിപ്പിച്ച ശേഷം ഈ വര്‍ഷം ആദ്യവും പ്രീമിയത്തില്‍ ശരാശരി 4.8% വര്‍ദ്ധന Irish Life Health വരുത്തിയിരുന്നു.
2023-ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15% അധിക ക്ലെയിമുകളില്‍ ഇന്‍ഷുറന്‍സ് തുക കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയതായി Health Insurance Authority (HIA)-യുടെ വാര്‍ഷിക റിപ്പോര്‍ട്ട് ഈയിടെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ മറ്റ് ആരോഗ്യ ഇന്‍ഷുറന്‍സ് ദാതാക്കളായ Vhi, Laya Healthcare എന്നിവയും ഈ വര്‍ഷം പ്രീമിയം തുക 7% വര്‍ദ്ധിപ്പിച്ചിരുന്നു.