പ്രിയ സ്നേഹിതരെ,
ഞാന്‍ ജിതിന്‍ റാം, വരുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലൂക്കനിലെ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വോട്ടിങ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് പലയിങ്ങളില്‍ നിന്നായി, പലരും എന്നെ കോണ്‍ടാക്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വളരെ ഗൗരവമേറിയ ഒരു വിഷയം നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനാണ് ഈ കുറിപ്പ്.
ജൂണ്‍ 7-ലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേക്ക് ഇനി കുറച്ചു ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളൂ. അതിന് മുന്നോടിയായി ചില സ്ഥാനാര്‍ത്ഥികള്‍ അവര്‍ മത്സരിക്കുന്ന മണ്ഡലത്തിന് പുറത്ത് താമസിക്കുന്ന ആളുകളുടെ PPS നമ്പര്‍ വാങ്ങി സ്വന്തം മണ്ഡലത്തിലെ വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെയാണ് ഇത്തരത്തില്‍ ചേര്‍ക്കുന്നത്.
നിങ്ങളുടെ അറിവില്ലായ്മ കൊണ്ടോ, മനഃപൂര്‍വമായോ ഇങ്ങനെ കൃത്രിമമായി പേര് ചേര്‍ക്കുന്നത് ഗാര്‍ഡ അറസ്റ്റ് ചെയ്യാവുന്ന ഗുരുതരമായ കുറ്റകൃത്യം ആണെന്ന് മനസ്സിലാക്കുക. ഇത് ചെയ്യാന്‍ കൂട്ടുനില്‍ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടര്‍മാര്‍ക്കും അവരുടെ ഭാവിയിലെ അയര്‍ലണ്ടിലെ ജീവിതത്തിനെ ഈ പ്രവൃത്തി വളരെ ഗുരുതരമായി ബാധിക്കും. ഭാവിയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനും, സിറ്റിസണ്‍ഷിപ്പ് ലഭിക്കുന്നതിനുമടക്കം ഇത് തടസ്സമാകുമെന്നതാണ് വസ്തുത.
അയര്‍ലണ്ടില്‍ വളരെ സുതാര്യവും, ലളിതവുമായ രീതിയിലാണ് തെരഞ്ഞെടുപ്പുകള്‍ നടക്കാറുള്ളത്. ഇത്തരത്തില്‍ കൃത്രിമമായി വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ത്ത് പിടിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചാല്‍, ഭാവിയില്‍ അഡ്രസ് പ്രൂഫ് ഹാജരാക്കിയതിന് ശേഷം മാത്രമേ വോട്ട് ചെയ്യാന്‍ സമ്മതിദായകരെ അനുവദിക്കൂ എന്ന രീതിയില്‍ നിയമമാറ്റം വരുത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരാകും. അയര്‍ലണ്ടിലെ പ്രബലപ്രവാസി സമൂഹം എന്ന നിലയ്ക്ക് ഇത്തരം സംഭവങ്ങളില്‍ പിടിക്കപ്പെടുന്നത് നാം ഇന്ത്യക്കാര്‍ക്ക് ഏറെ നാണക്കേടുണ്ടാക്കും.
നാട്ടിലെ പോലെ ഇവിടെയും തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാട്ടി അയര്‍ലണ്ടിലെ തെരഞ്ഞെടുപ്പ് പ്രക്രിയ മലിനമാക്കരുത് എന്നും എല്ലാ സുഹൃത്തുക്കളോടും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഐറിഷുകാരായ ആളുകള്‍ ഇത്രയും കാലമായിട്ടും ചെയ്യാത്ത ഇതുപോലുള്ള തെറ്റായ കാര്യങ്ങള്‍ കുടിയേറി ജീവിക്കുന്നവര്‍ ചെയ്തു എന്നറിയുമ്പോള്‍ കുടിയേറ്റക്കാരോടുള്ള അനിഷ്ടത്തിനും അവമതിപ്പിനും അത് ഇടയാക്കും.
എന്റെ കൈവശമുള്ള സമ്പൂര്‍ണ്ണ വോട്ടേഴ്സ് ലിസ്റ്റില്‍ ഇത്തരം കൃത്രിമം കണ്ടാല്‍ അവര്‍ക്കെതിരെ പരാതി രജിസ്റ്റര്‍ ചെയ്യാനും ഞാന്‍ നിര്‍ബന്ധിതനാകും. കാരണം എനിക്കു പുറമെ അയര്‍ലണ്ടിലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബേബി പെരേപ്പാടൻ, ബ്രിട്ടോ പെരേപ്പാടൻ, തോമസ് ജോസഫ് എന്നിങ്ങനെ നിരവധി ഇന്ത്യൻ വംശജരായ സ്ഥാനാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പ്രവൃത്തിയാണിത്. ഭാവിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുടിയേറ്റക്കാരായ സ്ഥാനാര്‍ത്ഥികള്‍ക്ക് എളുപ്പമാകാത്ത സാഹചര്യത്തിലേയ്ക്കും അത് കൊണ്ടെത്തിച്ചേക്കാം. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തി, ആരെങ്കിലും കൃത്രിമം ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും വേഗം ബന്ധപ്പെട്ടവരെ അറിയിച്ച് അത് ക്യാന്‍സല്‍ ചെയ്ത് സ്വന്തം മണ്ഡലത്തില്‍ പേര് ചേര്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഐറിഷ് ക്രിമിനല്‍ ആക്ട് പ്രകാരം ‘Fraud’ എന്ന തരത്തിലാണ് ഇത്തരം കൃത്രിമങ്ങള്‍ കണക്കാക്കുക. അത് സംബന്ധിച്ച വിവരങ്ങള്‍ താഴെയുള്ള ലിങ്ക് വഴി ലഭിക്കുന്നതാണ്.
https://revisedacts.lawreform.ie/eli/2001/act/50/revised/en/html
Fraud എന്ന തരത്തില്‍ കേസ് ഫയല്‍ ചെയ്യപ്പെട്ടാല്‍ നിയമപരമായി എന്തെല്ലാം കുരുക്കുകള്‍ നിങ്ങളെ തേടിയെത്തുമെന്നും ഇതില്‍ നിന്നും മനസിലാക്കാം. കൃത്രിമം നടത്തുന്ന ആളും, അത് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ആളും ഒരുപോലെ നിയമനടപടി നേരിടേണ്ടിവരികയും ചെയ്യും. ഇത്തരത്തില്‍ സ്വാര്‍ത്ഥലാഭത്തിനായി മറ്റുള്ളവരുടെ ജീവിതം കൂടി അപകടത്തിലാക്കുന്ന പ്രവൃത്തിയാണിത്.
അഥവാ നിങ്ങൾ ഇത്തരത്തിൽ കൃത്രിമം കാട്ടാൻ നിർബന്ധിതരായവരാണെങ്കിൽ സഹായത്തിനായി ഞാനുമായി ബന്ധപ്പെടാവുന്നതാണ്:
Adv. Jithin Ram
Mob: 089 211 3987
jithinram86@gmail.com
(ഈ കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരിലേക്കും എത്തിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു)