അയര്‍ലണ്ടിലെ ലീവിങ് സെര്‍ട്ട് പരീക്ഷ സംവിധാനം നിര്‍ത്തലാക്കണമെന്ന് ലേബര്‍ പാര്‍ട്ടി വക്താവായ Aodhán Ó Ríordáin. വിദ്യാര്‍ത്ഥികള്‍ക്ക് വലിയ മാനസിക സമ്മര്‍ദ്ദം നല്‍കുന്നതാണ് നിലവിലെ ലീവിങ് സെര്‍ട്ട് സമ്പ്രദായം എന്നും മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ Aodhán Ó Ríordáin അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി Children’s Rights Alliance നടത്തിയ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. വരുന്ന MEP തെരഞ്ഞെടുപ്പില്‍ ഡബ്ലിനിലെ ലേബര്‍ സ്ഥാനാര്‍ത്ഥി കൂടിയാണ് അദ്ദേഹം.
ചെറുപ്പക്കാരുടെ മാനസികാരോഗ്യം സംബന്ധിച്ചുള്ള യുജനസംഘനടകളുടെ ചോദ്യത്തിന് മറുപടി പറയവെയാണ് Ó Ríordáin ലീവിങ് സെര്‍ട്ടിനെതിരെ വിമര്‍ശനമുയര്‍ത്തിയത്. ലീവിങ് സെര്‍ട്ട് പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്ന് താന്‍ വിശ്വസിക്കുന്നതായി പറഞ്ഞ Ó Ríordáin, അത് കാലഹരണപ്പെട്ടതും, ഔദ്യോഗികവുമായ പരീക്ഷാരീതിയാണെന്നും അഭിപ്രായപ്പെട്ടു. 30 വര്‍ഷങ്ങള്‍ക്ക് ശേഷവും താന്‍ ലീവിങ് സെര്‍ട്ടിന്റെ മാനസികാഘാതം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് കാലത്ത് ലീവിങ് സെര്‍ട്ടുമായി ബന്ധപ്പെട്ട ആശങ്കകളെ പറ്റി വിദ്യാഭ്യാസമന്ത്രിയോട് നേരിട്ട് സംസാരിക്കാന്‍ Irish Second-Level Students’ Union (ISSU) കാണിച്ച ആര്‍ജ്ജവത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. കോവിഡ് ഭീതി കാരണമാണെങ്കിലും പരമ്പരാഗത രീതിയില്‍ പരീക്ഷ നടത്താതെ കാല്‍ക്കുലേറ്റഡ് ഗ്രേഡുകള്‍ നല്‍കി അന്ന് ലീവിങ് സെര്‍ട്ട് നടത്തിയതിനെ ചരിത്രപരമായ നീക്കമെന്ന് വിശേഷിപ്പിച്ച Ó Ríordáin, അത് ഭാവിയിലും തുടര്‍ന്നിരുന്നങ്കില്‍ എന്നാണ് താന്‍ ആശിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം കോവിഡ് ഭീതി ഒഴിഞ്ഞ ശേഷം പരമ്പരാഗത രീതിയില്‍ തന്നെയാണ് പിന്നീട് രാജ്യത്ത് ലീവിങ് സെര്‍ട്ട് പരീക്ഷകള്‍ നടന്നത്.