‘മനസ് വച്ചാൽ നടക്കും’; അയർലണ്ടിൽ ഏപ്രിൽ മാസം നിർമ്മാണം ആരംഭിച്ചത് സർവ്വകാല റെക്കോർഡ് ആയ 18,000 വീടുകൾ

അയർലണ്ടിലെ ഭവന പ്രതിസന്ധി പരിഹാരത്തിന് പ്രതീക്ഷകൾ ഏറ്റിക്കൊണ്ട് ഏപ്രിൽ മാസത്തിൽ നിർമ്മാണം ആരംഭിച്ച് 18,000 വീടുകൾ. ഒരു മാസം ഇത്രയും വീടുകളുടെ നിർമ്മാണം ആരംഭിക്കുന്നത് രാജ്യത്തെ റെക്കോർഡ് ആണ്. ഡിവലപ്മെന്റ് ഫീസ് ഒഴിവാക്കി നൽകുന്ന ഇളവിന്റെ സമയപരിധി അവസാനിക്കുന്നതിനു മുമ്പായി നിർമ്മാണ ബിൽ നൽകി, ഫീസ് ലാഭിക്കാനായാണ് കൺസ്ട്രക്ഷൻ കമ്പനികൾ തിടുക്കപ്പെട്ട് നിർമ്മാണം ആരംഭിച്ചത്. എന്നാൽ ഈ വർഷം അവസാനം വരെ ഈ ഇളവ് നീട്ടിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ വർഷം ആകെ നിർമ്മാണം ആരംഭിച്ച വീടുകളുടെ എണ്ണത്തിന്റെ പകുതി ഈ വർഷം ഒറ്റ മാസത്തിൽ ആരംഭിക്കാൻ സാധിച്ചു എന്നത് വലിയ നേട്ടമാണ്. ഡിവലപ്മെന്റ് ഫീസ് ഇളവ് നിർത്തലാക്കുന്നതിനു മുന്നോടിയായി നിർമ്മാണ നോട്ടീസുകൾ നൽകി ഫീസ് ലാഭിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നതെങ്കിലും, ഭവനപ്രതിസന്ധി രൂക്ഷമായ അയർലണ്ടിന് വലിയ പ്രതീക്ഷയാണ് ഇത് നൽകുന്നത്. വിചാരിച്ചാൽ ആവശ്യത്തിന് വീടുകൾ നിർമ്മിക്കാൻ അധികം സമയം വേണ്ടെന്നും ഇത് വ്യക്തമാക്കുന്നു.

ഇതിനു പുറമെ രാജ്യത്ത് ഫസ്റ്റ് ടൈം ബയർ മോർട്ട്ഗേജുകളുടെ എണ്ണം കുതിച്ചുയർന്നതും പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്. 2023-ൽ 25,600 മോർട്ട്ഗേജുകളാണ് ഫസ്റ്റ് ടൈം ബയേഴ്‌സിന് ലഭിച്ചത്. 2007-ന് ശേഷം ഒറ്റ വർഷത്തിൽ ഇവരുടെ എണ്ണം ഇത്രയും അധികം വർദ്ധിക്കുന്നത് ഇതാദ്യമായാണ്.

Share this news

Leave a Reply

%d bloggers like this: