ഡബ്ലിനിൽ കൗൺസിലർക്ക് നേരെ ആക്രമണം നടന്നതായി പരാതി. വരുന്ന കൗൺസിൽ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയും, നിലവിൽ സ്വതന്ത്ര കൗൺസിലറുമായ Tania Doyle-നും സംഘത്തിനും നേരെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രണ്ട് പേർ ആക്രമണം നടത്തിയത്.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഡബ്ലിനിലെ Ongar-ലുള്ള ഒരു ഹൗസിങ് എസ്റ്റേറ്റിൽ പോസ്റ്ററുകൾ പതിക്കാൻ എത്തിയതായിരുന്നു Tania-യും ഭർത്താവും അടങ്ങുന്ന സംഘം. ഈ സമയം അവിടെയെത്തിയ രണ്ടു പുരുഷന്മാർ Tania-യോട് കുടിയേറ്റത്തെ പറ്റിയുള്ള അഭിപ്രായം ചോദിക്കുകയും, എന്നാൽ അവരുടെ പ്രതികരണം ഇഷ്ടപ്പെടാതെ വന്നതോടെ അക്രമികൾ Tania-യെയും ഭർത്താവിനെയും ആക്രമിക്കുകയും ഇടിക്കുകയും ചെയ്തു എന്നുമാണ് പരാതി.
നിയമപരമായ കുടിയേറ്റത്തെ പിന്തുണയ്ക്കുന്നു എന്നായിരുന്നു Tania അക്രമികൾക്ക് നൽകിയ മറുപടി. അത് ഇഷ്ടപ്പെടാതെ വന്ന അക്രമികൾ ബഹളം വയ്ക്കുകയും ഫോൺ ഉപയോഗിച്ച് തന്റെ മുഖത്ത് ഇടിക്കുകയും ചെയ്തു എന്ന് News Talk-ന് നൽകിയ അഭിമുഖത്തിൽ Tania വ്യക്‌തമാക്കി. വരുന്ന കൗൺസിൽ തെരഞ്ഞെടുപ്പിലും Ongar വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് Tania.