അയർലണ്ടിൽ പുകവലിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കി ഉയർത്തുന്നു

അയർലണ്ടിൽ പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 18-ൽ നിന്നും 21 ആയി ഉയർത്തിയേക്കും. ഇത് സംബന്ധിച്ച നിർദ്ദേശം ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി ഈയാഴ്ച മന്ത്രിസഭയിൽ അവതരിപ്പിക്കും.

രാജ്യത്ത് പുകവലിക്കുന്നവരുടെ എണ്ണം കുറയ്ക്കുക എന്നതാണ് നിയമമാറ്റത്തിന്റെ ലക്ഷ്യം. പ്രായം കുറഞ്ഞവർക്ക് ലഭ്യത കുറയ്ക്കുന്നത് ഉപയോഗം കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം നിയമം പ്രാബല്യത്തിൽ വന്നാൽ നിലവിൽ 18-21 വയസ്സിനുള്ളിൽ പ്രായമായവരെ ബാധിക്കില്ല. അവർക്ക് തുടർന്നും പുകയില ഉത്പന്നങ്ങൾ ലഭിക്കും. അതായത് നിലവിൽ നിയമപരമായി പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ അവകാശം ഉള്ളവർക്ക് തുടർന്നും അങ്ങനെ ചെയ്യാം. അവർക്ക് 21 വയസ് പൂർത്തിയാകും വരെ ഈ ഇളവ് തുടരും. എന്നാൽ പുതിയതായി 18 വയസ് ആകുന്നവർക്ക് ഈ ഇളവ് ലഭിക്കില്ല.

രാജ്യത്ത് പുകവലിക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും നിലവിൽ പ്രായപൂർത്തിയായ 18% പേർ പുകവലിക്കാരായി ഉണ്ടെന്നാണ് കണക്ക്. ഇത് ഏതാനും വർഷമായി കുറയാതെ തുടരുന്ന സാഹചര്യത്തിലാണ് നിയമമാറ്റത്തിനു സർക്കാർ ശ്രമിക്കുന്നത്. വർഷം തോറും 4,500 പേരാണ് രാജ്യത്ത് പുകവലി കാരണം അല്ലെങ്കിൽ പുകവലിച്ചു വിടുന്ന പുക ശ്വസിച്ച് ഉണ്ടാകുന്ന അസുഖങ്ങളാൽ മരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: