ഇറ്റലിയിലെ കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ഇറ്റലിയിൽ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുകയും രാജ്യത്തെ ജനങ്ങൾക്കിടയിൽ കുട്ടികളെ ജനിപ്പിക്കുന്നതിനും വളർത്തുന്നതിനുമുള്ള പ്രവണത കുറഞ്ഞു വരികയും ചെയ്ത സാഹചര്യത്തിലാണ് മാർപ്പാപ്പ ഇത്തരത്തിൽ ഒരു ആഹ്വാനം ചെയ്തത്.
നിലവിൽ ലോകത്ത് ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. 15 വർഷമായി ജനന നിരക്കിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതുവരെ ഉള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് ഇറ്റലിയിൽ രേഖപ്പെടുത്തിയത്. 379,000 കുട്ടികൾ മാത്രമേ കഴിഞ്ഞ വർഷം അവിടെ ജനിച്ചിട്ടുള്ളൂ. ഇത് ഇറ്റലിയുടെ ഭാവിക്ക് വളരെയധികം ദോഷം വരുത്തുമെന്ന് മാർപ്പാപ്പ അഭിപ്രായപ്പെടുന്നു.
2033 ആകുമ്പോഴേക്കും 500,000 കുട്ടികൾ എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി ജോർജ മേലോനി കുട്ടികൾക്ക് ജന്മം നൽകുന്നതിനെ പ്രോത്സാഹിപ്പിച്ച് ഒരു ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ സമ്പദ് വ്യവസ്ഥ തകരാതിരിക്കാനും വൃദ്ധന്മാർ മാത്രമുള്ള രാജ്യമായി ഇറ്റലി മാറാതിരിക്കാനും പുതിയ തലമുറയ്ക്ക് ജന്മം നൽകണം എന്ന് ജനസംഖ്യ വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
കുട്ടികൾ ജനിക്കുന്നതല്ല നമ്മുടെ ലോകത്തിന്റെ പ്രശ്നമന്നും സ്വാർത്ഥതയും ഉപഭോക്തൃത്വവും വ്യക്തിവാദവുമാണ് ആളുകളെ അസംതൃപ്തരും ഏകാന്തരും അസന്തുഷ്ടരുമാക്കുന്നതെന്ന് ഫ്രാൻസിസ് മാർപ്പാപ്പ അഭിപ്രായപ്പെട്ടു. കുട്ടികൾ ജനിക്കുന്ന കുടുംബത്തിനും അമ്മമാർക്കും പരിതോഷികങ്ങളും സർക്കാർ സഹായങ്ങളും നൽകുന്നത് കൂടുതൽ കുട്ടികളെ ജനിപ്പിക്കുവാൻ അവരെ പ്രേരിപ്പിക്കുമെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.