ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും നിര്‍ത്താമെന്ന് യൂണിവേഴ്‌സിറ്റി സമ്മതിച്ചതിനെത്തുടര്‍ന്ന് തങ്ങള്‍ നടത്തിവന്ന വഴിതടയല്‍ സമരം അവസാനിപ്പിക്കാന്‍ ഡബ്ലിന്‍ ട്രിനിറ്റി കോളജ് വിദ്യാര്‍ത്ഥികള്‍. ഗാസയിലെ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇസ്രായേലുമായും, ഇസ്രായേലി കമ്പനികളുമായുമുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് യൂണിയന്റെ പിന്തുണയോടെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ വെള്ളിയാഴ്ച പ്രക്ഷോഭമാരംഭിച്ചത്. പ്രക്ഷോഭം ശക്തമാകുകയും, വിദ്യാര്‍ത്ഥികള്‍ വഴിതടയല്‍ ആരംഭിക്കുകയും ചെയ്തതോടെ ക്യാംപസിലേയ്ക്ക് പൊതുജനത്തിന് പ്രവേശനം നിഷേധിച്ചിരുന്നു.
പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികളും, യൂണിവേഴ്‌സിറ്റി അധികൃതരും തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയില്‍, പ്രശ്‌നപരിഹാരത്തിനായുള്ള ഏതാനും കാര്യങ്ങളില്‍ ധാരണയായിരുന്നു. ഇതിനെ ഭാഗികമായ വിജയം എന്ന് പറഞ്ഞ വിദ്യാര്‍ത്ഥി യൂണിയന്‍, എല്ലാ ആവശ്യങ്ങളും അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് ബുധനാഴ്ച വീണ്ടും നടത്തിയ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നും, വിദ്യാര്‍ത്ഥികള്‍ വഴിതടയല്‍ സമരം അവസാനിപ്പിക്കുകയാണെന്നും ട്രിനിറ്റി കോളജ് അധികൃതര്‍ പ്രസ്തവനയില്‍ അറിയിച്ചു. ഇസ്രായേലി കമ്പനികളുമായുമുള്ള എല്ലാ ബന്ധങ്ങളും യൂണിവേഴ്‌സിറ്റി അവസാനിപ്പിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ജൂണ്‍ മാസത്തോടെ ഇത് പൂര്‍ണ്ണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘അഭൂതപൂര്‍വ്വമായ’ ഫലം എന്നാണ് കോളജ് യൂണിയന്‍ പ്രസിഡന്റ് Laszlo Molnarfi ഇതിനെ വിശേഷിപ്പിച്ചത്. പലസ്തീന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് വിദ്യാര്‍ത്ഥികളും, ജീവനക്കാരും പ്രക്ഷോഭത്തിലേര്‍പ്പെട്ടതെന്ന് പറഞ്ഞ Molnarfi, താഴെക്കിടയിലുള്ളവരുടെ ശക്തിയാണ് ഈ വിജയം വെളിവാക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
മദ്ധ്യകാലഘട്ടത്തിലെ കയ്യെഴുത്ത് പ്രതികളടങ്ങുന്ന Book of Kells ട്രിനിറ്റി കോളജിലെ പ്രധാന ആകര്‍ഷണമാണ്. ഇവിടേയ്ക്കുള്ള വഴി വിദ്യാര്‍ത്ഥികള്‍ തടഞ്ഞതോടെ ടൂറിസ്റ്റുകള്‍ക്ക് ഇത് കാണാനുള്ള അവസരവും ഒരാഴ്ചയായി ഇല്ലായിരുന്നു.