അയർലണ്ടിൽ ജോലി മാറുമ്പോൾ പിന്തുടരേണ്ട നടപടിക്രമങ്ങൾ എന്തെല്ലാം? ഒപ്പം നിങ്ങളുടെ അവകാശങ്ങളും അറിയാം

അഡ്വ. ജിതിൻ റാം

ഒരു ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്ക് മാറാൻ ശ്രമിക്കുമ്പോൾ നമ്മൾ പിന്തുടരേണ്ട ചില രീതികളുണ്ട്. കൃത്യമായി നോട്ടീസ് നൽകുക, റഫറൻസുകൾ ശേഖരിക്കുക എന്നിവ അവയിൽ ചിലതാണ്. ജോലി വിടുന്നതിന് മുൻപ് നമ്മുടെ തൊഴിലുടമയെ ജോലി വിടുന്ന കാര്യത്തെ കുറിച്ച് അറിയിക്കണം. ഇതിനെ “നോട്ടീസ് കൊടുക്കൽ” എന്ന് പറയുന്നു. എത്ര കാലം കൂടി നമ്മൾ പ്രസ്തുത സ്ഥാപനത്തിൽ ജോലിയിൽ തുടരുമെന്ന് വ്യക്തമാക്കുന്ന നോട്ടീസ് പിരിയഡ് കാലയളവ് ഇതിൽ വ്യക്തമാക്കിയിരിക്കണം.

ഇത്തരത്തിൽ ജോലി വിടുമ്പോൾ അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങളാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.

നോട്ടീസും നോട്ടീസ് കാലയളവും

ജോലിയിൽ നിന്നും മാറുന്നതിന് മുമ്പായി നമ്മൾ തൊഴിൽ ഉടമയ്ക്ക് ഇക്കാര്യം അറിയിക്കുന്നതിനായി നൽകുന്ന നോട്ടീസ് ആണിത്. ഈ നോട്ടീസിൽ എത്രകാലം കൂടി ജോലിയിൽ തുടരുമെന്ന് വ്യക്തമാക്കുന്നതിനെയാണ് നോട്ടീസ് കാലയളവ് അഥവാ നോട്ടീസ് പിരിയഡ് എന്ന് പറയുന്നത്. ഈ കാലയളവിനിടെ ആവശ്യമെങ്കിൽ മറ്റ് ജോലിക്കാരെ കണ്ടെത്തുക അടക്കമുള്ളവ ചെയ്യാൻ നോട്ടീസ് പിരിയഡ് സഹായിക്കുന്നു.

നോട്ടീസ് ജോലിമാറ്റത്തിന് എത്ര കാലം മുൻപ് നൽകണം എന്നത് നിങ്ങളുടെ Employment Contract-ൽ പറഞ്ഞിരിക്കും.

എത്ര കാലത്തേയ്ക്ക് നോട്ടീസ് നൽകണം?

നോട്ടീസ് നൽകേണ്ടത് സംബന്ധിച്ച വിശദാംശങ്ങൾ കോൺട്രാക്റ്റിൽ പറഞ്ഞിരിക്കും, ആ നിർദേശങ്ങൾ അനുസരിച്ച് കാര്യങ്ങൾ ചെയ്യാം. ഓരോ സ്ഥാപനത്തിലും ഇവ വ്യത്യാസ്തമായിരിക്കും. ഈ കാര്യത്തിൽ ഏതെങ്കിലും രീതിയിൽ മാറ്റം വരുത്തണമെങ്കിൽ അത് തൊഴിൽ ഉടമയുമായി സംസാരിച്ച് തീരുമാനത്തിൽ എത്താവുന്നതാണ്.

കോൺട്രാക്റ്റിൽ നോട്ടീസ് കാലയളവ് ഇല്ലെങ്കിൽ

നിങ്ങളുടെ കോൺട്രാക്റ്റിൽ നോട്ടീസ് കാലയളവിനെ കുറിച്ച് ഒന്നും പറയുന്നില്ലെങ്കിൽ ഐറിഷ് നിയമപ്രകാരം ഏറ്റവും കുറഞ്ഞത് ഒരാഴ്ച മുന്നെയെങ്കിലും നിങ്ങൾ നോട്ടീസ് നൽകിയിരിക്കണം.

നോട്ടീസ് നൽകുന്നത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ:

http://www.irishstatutebook.ie/1973/en/act/pub/0004/index.html

http://www.irishstatutebook.ie/eli/1973/act/4/section/6/enacted/en/html%22%20/l%20%22sec6

13 ആഴ്ചയിൽ കുറവ് മാത്രമാണ് ജോലി ചെയ്തതെങ്കിൽ

നിലവിൽ ജോലിചെയ്യുന്ന സ്ഥലത്ത് 13 ആഴ്ചയിൽ താഴെ മാത്രമേ ജോലി ചെയ്തിട്ടുള്ളൂ, കൂടാതെ കോൺട്രാക്റ്റിൽ നോട്ടീസ് കാലയളവ് ഒന്നും പറയുന്നില്ല എങ്കിൽ ജോലി മാറുന്നതിന് മുൻപ് നമ്മൾ നോട്ടീസ് നൽകേണ്ട ആവശ്യമില്ല.

നോട്ടീസ് കാലയളവ് തീരുന്നതിന് മുൻപ് ജോലി നിർത്തി പോരാൻ കഴിയുമോ?

സാധാരണ നോട്ടീസ് കാലയളവിൽ ജോലി ചെയ്യേണ്ടതായി വരാറുണ്ട്. എന്നാൽ തൊഴിൽ ഉടമ അതിന് മുൻപേ പോകുവാൻ അനുവാദം തരികയാണെങ്കിൽ നമുക്ക് ജോലിയിൽ നിന്നും ഒഴിവാകാവുന്നതാണ്. കൂടാതെ ചിലപ്പോൾ ബാക്കിയുള്ള ദിവസത്തെ ശമ്പളം കൂടി നിങ്ങൾക്ക് ലഭിച്ചേക്കാം.

ഇതിനെ കുറിച്ചുള്ള വിശദവിവരങ്ങൾക്ക്: http://www.irishstatutebook.ie/eli/1973/act/4/section/7/enacted/en/html%22%20/l%20%22zza4y1973s7

വാർഷിക ലീവുകൾ ബാക്കിയുണ്ടെങ്കിൽ

ജോലിയിലെ വാർഷിക ലീവുകൾ ബാക്കിയുണ്ടെങ്കിൽ എത്ര ദിവസമാണോ ബാക്കി അത്രയും ദിവസത്തെ ശമ്പളം കൂടി തൊഴിൽ ഉടമ നിങ്ങൾക്ക് നൽകിയിരിക്കണം. എന്നാൽ ചില ഉടമകൾ നോട്ടീസ് കാലയളവിൽ നിന്ന് ഈ ദിവസങ്ങൾ കുറച്ച് തരും. ഇതിന് മറ്റ് നിയമപരമായ തടസങ്ങൾ ഒന്നും ഇല്ലാത്തതിനാൽ നോട്ടീസ് നൽകുന്ന വ്യക്തി ഉടമയുമായി ഈ കാര്യം അംഗീകരിച്ചേ മതിയാവൂ.

ജോലി അവസാനിപ്പിക്കുകയാണെന്ന തീരുമാനം മാറ്റാൻ കഴിയുമോ?

ഒരിക്കൽ നോട്ടീസ് നൽകിക്കഴിഞ്ഞാൽ നിങ്ങളുടെ തൊഴിൽദാതാവുമായി സംസാരിച്ച് ഒരു തീരുമാനത്തിലെത്തിയ ശേഷമേ അത് പിൻവലിക്കാൻ കഴിയൂ.

റഫറൻസ് ലഭിക്കുന്ന വിധം

പുതിയൊരു ജോലിക്ക് വേണ്ടി ശ്രമിക്കുമ്പോൾ വേണമെങ്കിൽ ഇപ്പോഴുള്ള അല്ലെങ്കിൽ പഴയ തൊഴിൽ ഉടമയോട് ഒരു റഫറൻസ് നൽകാൻ ആവശ്യപ്പെടാവുന്നതാണ്.

താഴെ പറയുന്ന കാര്യങ്ങളാണ് റഫറൻസിൽ ഉണ്ടാകുക:

  • എത്ര നാൾ അവർക്കുവേണ്ടി ജോലി ചെയ്തു
  • ജോലിയുടെ ഉത്തരവാദിത്തങ്ങൾ എന്തെല്ലാമായിരുന്നു
  • ജോലിക്ക് ഹാജരായതിന്റെ റെക്കോർഡുകൾ
  • തൊഴിൽ നിർവഹണം
  • എന്തുകൊണ്ട് ആ തൊഴിലിന് നിങ്ങൾ യോജിക്കുന്നു

നിയമപ്രകാരം റഫറൻസിന് നമുക്ക് അർഹതയുണ്ടോ?

ഇപ്പോഴത്തെയോ മുൻപ് ജോലി ചെയ്ത സ്ഥലത്തെയോ തൊഴിൽദാതാവിന് നിങ്ങൾക്ക് റഫറൻസ് നൽകണം എന്നതിന് പ്രത്യേകമായി ഒരു നിയമവും ഇല്ല. എന്നാൽ ചില കോൺട്രാക്റ്റുകളിൽ റഫറൻസ് ലഭിക്കുന്നതിനുള്ള അവകാശവും കൂടി എഴുതിച്ചേർക്കാറുണ്ട്.

റഫറൻസ് ആവശ്യപ്പെടുന്ന വശം തൊഴിൽ ഉടമ അത് നൽകാറുണ്ട്. ഒരു സ്ഥാപനം അങ്ങനെ ചിലർക്ക് റഫറൻസ് നൽകുന്നുണ്ടെങ്കിൽ അവിടുത്തെ എല്ലാ തൊഴിലാളികൾക്കും വിവേചനമില്ലാതെ ഒരുപോലെ നൽകേണ്ടതാണ്.

റഫറൻസിൽ തെറ്റായ വിവരങ്ങൾ നൽകാമോ?

നിലവിലെ തൊഴിൽ ഉടമയ്ക്ക് നിങ്ങളെയും, നിങ്ങൾക്ക് പുതുതായി ജോലി തരുന്ന ഉടമയെയും ഗൗനിക്കേണ്ടതുണ്ട്. ഒരു റഫറൻസ് നൽകപ്പെടുമ്പോൾ അത് സത്യസന്ധമായതും, നീതിപൂർവ്വമായതും, തെറ്റില്ലാത്തതും, തെറ്റിദ്ധരിപ്പിക്കപ്പെടാത്ത രീതിയിൽ ഉള്ളതുമായിരിക്കണം.

തൊഴിൽ ഉടമ അന്യായവും വാസ്തവവിരുദ്ധവുമായ റഫറൻസ് നൽകിയാൽ

തൊഴിൽ ഉടമ നീതിയുക്തമല്ലാത്തതും, വാസ്തവമല്ലാത്തതുമായ റഫറൻസ് നൽകി എന്നാണ് ഒരു വ്യക്തി വിശ്വസിക്കുന്നതെങ്കിൽ, അത് തന്റെ പ്രശസ്തിക്ക് കളങ്കം വരുത്തുകയും മാനഹാനിക്ക് കാരണമാവുകയും ചെയ്തു എന്ന് വിശ്വസിക്കുന്നെങ്കിൽ Defamation Act 2009 പ്രകാരം തൊഴിൽ ഉടമയ്ക്കെതിരെ ഹർജി നൽകാവുന്നതാണ്.

നമ്മുടെ റഫറൻസ് നമുക്ക് വായിക്കാമോ?

General Data Protection Regulation (GDPR) പ്രകാരം വ്യക്തിഗത റെക്കോർഡുകൾ ഉൾപ്പെടെ ഒരു വ്യക്തിയുടെ വിവരങ്ങളെല്ലാം അറിയുന്നതിനുള്ള അവകാശം ആ വ്യക്തിക്കുണ്ട്. വ്യക്തിഗത റെക്കോർഡിൽ എഴുതപ്പെട്ടതും, റെക്കോർഡ് ചെയ്യപ്പെട്ടതും, വാക്കാൽ ഉള്ള റഫറൻസുകളും ഉൾപ്പെടുന്നു. എന്നാൽ വളരെ രഹസ്യസ്വഭാവമോടെ സൂക്ഷിക്കും എന്ന ധാരണയിൽ നൽകിയ വിവരങ്ങൾ ലഭിക്കുന്നതല്ല.

തൊഴിൽ സംബന്ധിച്ച് പ്രശ്നങ്ങൾ ഉടലെടുത്താൽ വർക്ക് പ്ലേസ് റിലേഷൻസ് കമ്മിഷനുമായി (WRC) ബന്ധപ്പെട്ട് പ്രശ്നപരിഹാരം നടത്താവുന്നതാണ്.

WRC-യുടെ അഡ്രസ്:

Work Place Relations Commission

O’Brien Road
Carlow
R93 E920

Opening Hours: Mon. to Fri. 9.30am to 1pm, 2pm to 5pm

Tel: (059) 917 8990

Locall: 0818 80 80 90

Homepage:https://www.workplacerelations.ie/en/

ലേഖകൻ:

Adv. Jithin Ram

Mob: 089 211 3987

Louis Kennedy Solicitors

Email: info@louiskennedysolicitors.ie

കടപ്പാട്: അഡ്വ. ജയ തറയിൽ, ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ്

Share this news

Leave a Reply

%d bloggers like this: