മെയ് മാസത്തിലെ ബാങ്ക് ഹോളിഡേ വീക്കെന്‍ഡിനോടനുബന്ധിച്ച് ഗാര്‍ഡ നടത്തിയ റോഡ് പൊലീസിങ് ഓപ്പറേഷനില്‍ ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് 200-ഓളം പേര്‍ പിടിയില്‍. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ ഇന്നലെ രാവിലെ 7 വരെയായിരുന്നു പ്രത്യേക ഓപ്പറേഷന്‍.
ഈ ദിവസങ്ങള്‍ക്കിടെ 5,349 പേരെ പരിശോധിച്ചതില്‍ നിന്നും 196 പേരെ ഡ്രൈവിങ്ങിനിടെ ലഹരി ഉപയോഗിച്ചതിന് അറസ്റ്റ് ചെയ്തു. 900 ഡ്രൈവര്‍മാര്‍ അമിതവേഗതയില്‍ വാഹനമോടിച്ചതായും കണ്ടെത്തി. കൗണ്ടി കാവനില്‍ 60 കി.മീ വേഗപരിധിയിലുള്ള റോഡില്‍ 127 കി.മീ വേഗത്തില്‍ കാറോടിച്ചതും, വെക്‌സ്‌ഫോര്‍ഡില്‍ 80 കി.മീ പരിധിയില്‍ 136 കി.മീ വേഗത്തില്‍ വാഹനമോടിച്ചതും ഇതില്‍ പെടുന്നു. മറ്റ് ഗതാഗതനിയമലംഘനങ്ങള്‍ നടത്തിയതിന് 613 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ഈ വര്‍ഷം ഇതുവരെ 71 പേരാണ് അയര്‍ലണ്ടില്‍ വാഹനാപകടങ്ങളില്‍ മരിച്ചത്. അപകടമരണങ്ങള്‍ വര്‍ദ്ധിച്ചതോടെ സുരക്ഷാപരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ് ഗാര്‍ഡ.