ഡബ്ലിനിലെ ഗ്രാന്‍ഡ് കനാലിന് ചുറ്റുമായി അഭയാര്‍ത്ഥികളുടെ ടെന്റുകളുയരുന്നത് തുടരുന്നു. രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികളെ കൃത്യമായി പുനരധിവസിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കാതെ വന്നതോടെ ഇവര്‍ പലയിടങ്ങളിലായി ടെന്റുകളടിച്ച് താമസിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ 20 എണ്ണം വര്‍ദ്ധിച്ച് ഏകദേശം 70 ടെന്റുകളാണ് നിലവില്‍ ഗ്രാന്‍ഡ് കനാലിന് സമീപം ഉയര്‍ന്നിരിക്കുന്നത്.
നേരത്തെ ഡബ്ലിനിലെ ഒ’കോണല്‍ സ്ട്രീറ്റിലും മറ്റുമായി വഴിയോരത്ത് താമസിച്ചിരുന്ന പലരും ഗ്രാന്‍ഡ് കനാല്‍ ഭാഗത്തേയ്ക്ക് എത്തിയിട്ടുണ്ട്.ഒ’കോണല്‍ സ്ട്രീറ്റില്‍ കഴിയുന്ന അഭയാര്‍ത്ഥികളുടെ എണ്ണം അമിതമായതായി കാട്ടി തങ്ങളെ അവിടെ നിന്നും പറഞ്ഞുവിടുകയായിരുന്നുവെന്ന് അഭയാര്‍ത്ഥികള്‍ പറഞ്ഞതായി ‘ദി ജേണല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെന്റുകളില്ലാതെ സ്ലീപ്പിങ് ബാഗുകളിലും ആളുകള്‍ രാത്രി കഴിയുന്നുണ്ട്. അയര്‍ലണ്ടിലെ ചാരിറ്റി സര്‍വീസുകള്‍ നല്‍കുന്ന ടെന്റുകളാണ് അഭയാര്‍ത്ഥികള്‍ ഉപയോഗിക്കുന്നത്. ഗ്രാന്‍ഡ് കനാലിന് സമീപം ഒട്ടനവധി അഭയാര്‍ത്ഥികള്‍ താമസിക്കുന്നുണ്ടെന്നതിനാല്‍ അത് താരതമ്യേന സുരക്ഷിത പ്രദേശമാണെന്നും അവര്‍ കരുതുന്നു.
ഇതിനിടെ കഴിഞ്ഞയാഴ്ച Mount Street-ലെ തെരുവില്‍ കഴിയുന്ന അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഏതാനും ഏജന്‍സികള്‍ ഇടപെട്ട് ചിലരെ മറ്റിടങ്ങളിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് താമസത്തിനായി കെട്ടിടം കണ്ടെത്തി നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.
അതേസമയം പലയിടത്തും ‘ടെന്റ് ഗ്രാമങ്ങള്‍’ ഉയരുന്നത് അനുവദിക്കാന്‍ സാധിക്കില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പ്രതികരിച്ചു. പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.