സ്വീഡനില്‍ നടക്കുന്ന യൂറോവിഷന്‍ 2024 സംഗീതമത്സരത്തില്‍ അയര്‍ലണ്ടിന്റെ പ്രതിനിധി ബാംബി തഗ് (Bambie Thug) ഫൈനലില്‍. ചൊവ്വാഴ്ച രാത്രി നടന്ന ആദ്യ സെമിഫൈനലില്‍ തന്റെ ‘Doomsday Blue’ എന്ന ഗാനം ആലപിച്ചാണ് ബാംബി ഫൈനലിലേയ്ക്ക് ടിക്കറ്റ് നേടിയത്. 2018-ന് ശേഷം ഇതാദ്യമായാണ് അയര്‍ലണ്ട് യൂറോവിഷന്‍ ഫൈനലിന് യോഗ്യത നേടുന്നത്.
അതേസമയം സെമിഫൈനലിന് തൊട്ടുമുമ്പായി കേടായ മത്സ്യം കഴിച്ച് ബാംബി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇന്‍സ്റ്റാഗ്രാം വഴി ഈ വിവരം പുറംലോകത്തെ അറിയിച്ച ബാംബി, സെമിയില്‍ പക്ഷേ താന്‍ ഗംഭീരപ്രകടനം നടത്തുമെന്ന ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വേദിയെ ഭ്രമിപ്പിച്ചുകൊണ്ട് തന്റെ ചടുലമായ പ്രകടനവുമായി ബാംബി അയര്‍ലണ്ടിന്റെ വിജയപ്രതീക്ഷയ്ക്ക് മിഴിവേകിയത്. പ്രത്യേകതയാര്‍ന്ന വേഷവിധാനങ്ങളോടെ സ്‌റ്റേജിലെത്തിയ ബാംബി, തന്റെ പ്രകടനത്തിലൂടെ കാണികളെ കൈയിലെടുക്കുകയും ചെയ്തു.
ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ അയര്‍ലണ്ടിന് പുറമെ സെര്‍ബിയ, പോര്‍ച്ചുഗല്‍, സ്ലൊവേനിയ, ഉക്രെയിന്‍, ലിത്വാനിയ, ഫിന്‍ലന്‍ഡ്, സൈപ്രസ്, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളും യോഗ്യത നേടിയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയികളും ഫൈനല്‍ മത്സരത്തിനിറങ്ങും.