അയര്‍ലണ്ടില്‍ ജീവിതച്ചെലവ് വര്‍ദ്ധന തുടരുന്നതിനിടെ ആശ്വാസമെന്നോണം ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് പദ്ധതി വിപുലീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. അതേസമയം വലിയ അളവില്‍ കാര്‍ബണ്‍ പുറന്തള്ളുന്നവരുടെ കീശ കാലിയാകുന്ന തരത്തിലുള്ള നിരക്ക് വര്‍ദ്ധനയും ഈ മാസം സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുകയാണ്. ഇവ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ ചുവടെ:
ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ്
ചൈല്‍ഡ് ബെനഫിറ്റ് ലഭിക്കാനുള്ള യോഗ്യതയിലെ മാറ്റങ്ങള്‍ മെയ് 1 മുതല്‍ നിലവില്‍ വന്നിട്ടുണ്ട്. 2024 മെയ് മാസത്തിന് മുമ്പ് 18 വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് കൂടി അവര്‍ മുഴുവന്‍ സമയം വിദ്യാര്‍ത്ഥികളാണെങ്കില്‍ (അതല്ലെങ്കില്‍ ഭിന്നശേഷി ഉള്ളവരാണെങ്കില്‍) 19 വയസ് തികയും വരെ ഇനിമുതല്‍ ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് ലഭിക്കും. ഓരോ കുട്ടിക്കും മാസം 140 യൂറോ വീതമാണ് ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റായി ലഭിക്കുക. എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ചയാണ് ഇത് വിതരണം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: https://www.citizensinformation.ie/en/social-welfare/social-welfare-payments/families-and-children/child-benefit/
കാര്‍ബണ്‍ ടാക്‌സ്
രാജ്യത്തെ നിലവിലെ കാര്‍ബണ്‍ ടാക്‌സ് തുകയായ 48.50 യൂറോ എന്നത് (പുറത്തുവിടുന്ന ഒരു ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്) 7.50 യൂറോ വര്‍ദ്ധിപ്പിച്ച് 56 യൂറോ ആയി മെയ് 1 മുതല്‍ ഉയര്‍ത്തിയിട്ടുണ്ട്. വാഹനങ്ങളുടെ ഇന്ധനത്തിന് ഈ നിരക്ക് 2023 ഒക്ടോബര്‍ 11 മുതല്‍ ബാധകമാണെങ്കിലും, മറ്റ് ഇന്ധനങ്ങള്‍ക്കും ഇവ ബാധകമാക്കിയത് ഈ മാസം മുതലാണ്. അമിതമായ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും, പരിസ്ഥിതിയെ സംരക്ഷിക്കാനുമായാണ് നിരക്ക് വര്‍ദ്ധന നടപ്പിലാക്കിയിരിക്കുന്നത്.