ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട കാര്‍ മോഷണം പോയതിനെത്തുടര്‍ന്ന് യാത്രക്കാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. അവധിക്കാലം ചെലവഴിക്കാനായി വിദേശത്തേയ്ക്ക് പോയ വടക്കന്‍ അയര്‍ലണ്ട് സ്വദേശിയായ റെബേക്ക കൂപ്പര്‍ എന്ന സ്ത്രീയുടെ കാറാണ് മോഷ്ടിക്കപ്പെട്ടത്.
ഏപ്രില്‍ 20-ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തിയ റെബേക്ക, എയര്‍പോര്‍ട്ടിന്റെ എക്‌സ്പ്രസ് കാര്‍ പാര്‍ക്കില്‍ തന്റെ കാര്‍ നിര്‍ത്തിയിടുകയും, സ്ഥലം മറന്നുപോകാതിരിക്കാനായി ഫോട്ടോകള്‍ എടുത്ത് വയ്ക്കുകയും ചെയ്തിരുന്നു. ശേഷം വിദേശത്തേയ്ക്ക് പറന്നു. പിന്നീട് മെയ് 1-ന് തിരികെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ശേഷം കാര്‍ എടുക്കാന്‍ നോക്കിയപ്പോഴാണ് കാര്‍ അവിടെയില്ല എന്ന കാര്യം മനസിലാക്കുന്നത്. തുടര്‍ന്ന് എയര്‍പോര്‍ട്ട് ജീവനക്കാരുടെ സഹായം തേടിയെങ്കിലും കാര്‍ കണ്ടെത്താന്‍ സാധിച്ചില്ല.
റെബേക്കയുടെ കാര്‍, കീ ഇല്ലാതെ ഉപയോഗിക്കാവുന്ന മോഡലാണ്. ഇത്തരം മോഡല്‍ കാറുകള്‍ ഈയിടെയായി കൂടുതലായി മോഷ്ടിക്കപ്പെടുന്നുണ്ട്. കീ ഇല്ലാതെ കാര്‍ തുറക്കാവുന്ന സാങ്കേതികവിദ്യ ഹാക്ക് ചെയ്ത് ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പുകാര്‍ കാര്‍ മോഷ്ടിക്കുന്നത്.
റെബേക്കയുടെ കാര്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ഗാര്‍ഡ പ്രതികരിച്ചു. എയര്‍പോര്‍ട്ട് പൊലീസുമായി സഹകരിച്ചാണ് അന്വേഷണം.