സാധുതയുള്ള ഐഡി കാര്‍ഡ് ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കാതെ പോളിങ് ഓഫിസര്‍മാര്‍. ഇംഗ്ലണ്ടിലും, വെയില്‍സിലുമായി വ്യാഴാഴ്ച നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിനിടെയാണ് രസകരമായ സംഭവം. അതേസമയം ഐഡിയില്ലാതെ വോട്ട് ചെയ്യാനെത്തിയ തന്നെ തിരികെ പറഞ്ഞുവിട്ട മൂന്ന് ഓഫിസര്‍മാര്‍ക്കും നന്ദിയറിയിക്കുന്നതായി ജോണ്‍സണ്‍ പിന്നീട് ‘ഡെയ്‌ലി മെയില്‍’ പത്രത്തില്‍ എഴുതി.
ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് തന്നെയാണ് ഇലക്ഷന്‍സ് ആക്ട് 2022 പ്രകാരം വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ വ്യാഴാഴ്ച വോട്ട് ചെയ്യാനെത്തിയ ജോണ്‍സണ്‍, ഐഡി കാര്‍ഡിന് പകരം തന്റെ പേരും അഡ്രസും പ്രിന്റ് ചെയ്തിട്ടുള്ള പ്രോസ്പക്ട് മാഗസിനായിരുന്നു കരുതിയിരുന്നത്. ഇത് കാണിച്ചപ്പോള്‍ പോളിങ് സ്‌റ്റേഷനിലെ ഓഫിസര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ ജോണ്‍സണ്‍ തിരികെ പോയി തന്റെ ഡ്രൈവിങ് ലൈസന്‍സുമായി എത്തിയ ശേഷം വോട്ട് രേഖപ്പെടുത്തുകയായിരുന്നു.