University Hospital Limerick (UHL)-ല്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ അമിത തിരക്ക് കാരണം രോഗികളുടെ ജീവന്‍ ഭീഷണിയില്‍. Health Information and Quality Authority (Hiqa) ആശുപത്രിയില്‍ നടത്തിയ ഇന്‍സ്‌പെക്ഷന് ശേഷമാണ് ഇവിടുത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ കഴിയുന്ന രോഗികളുടെ ജീവനെ തന്നെ അപകടത്തിലാക്കുന്നതാണ് നിലവിലെ തിരക്ക് എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ചില പരിഹാരങ്ങള്‍ ചെയ്‌തെങ്കിലും, രോഗികളുടെ തിരക്ക് കൈകാര്യം ചെയ്യാന്‍ ഫലപ്രദമായ നടപടികള്‍ ഇനിയും ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ മുന്‍കൂട്ടി അറിയിക്കാതെ Hiqa അധികൃതര്‍ നടത്തിയ പരിശോധനയില്‍, തിരക്കിന്റെ കാര്യത്തില്‍ ദേശീയതലത്തില്‍ നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ UHL തുടര്‍ച്ചയായി വീഴ്ച വരുത്തുന്നതായും കണ്ടെത്തി.
ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന രോഗികളെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്നെ കിടത്തി ചികിത്സ നല്‍കുകയാണ്. ഇത് രോഗികളുടെ സ്വകാര്യതയെയും, അന്തസ്സിനെയും ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രശ്‌നപരിഹാരമായി രോഗികളെ മറ്റ് ആശുപത്രികളില്‍ കൊണ്ടുപോകുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്ന് Hiqa റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഒപ്പം ആശുപത്രിയിലെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കാനുള്ള നടപടികളും കൈക്കൊള്ളണം.
അതേസമയം UHL-ല്‍ പ്രവേശിപ്പിക്കപ്പെട്ട 16-കാരി മരിച്ചത് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തത് കൊണ്ടാണെന്നുള്ള അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. 2022 ഡിസംബറില്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിപ്പിച്ച Aoife Johnston, കൃത്യസമയത്ത് മരുന്ന് ലഭിക്കാത്തതിനാലാണ് മരണത്തിന് കീഴടങ്ങിയത്. അമിതമായ തിരക്ക് കാരണമാണ് സമയത്ത് ചികിത്സ നല്‍കാന്‍ സാധിക്കാതിരുന്നതെന്ന് ഡോക്ടര്‍ സമ്മതിച്ചിരുന്നു.