വേനൽക്കാലത്തിനു മുന്നോടിയായി ഡബ്ലിൻ എയർപോർട്ടിലെ പാർക്കിങ് സ്‌പേസുകൾ വിറ്റുപോകുന്നത് ചൂടപ്പം പോലെ; ബുക്ക് ചെയ്തില്ലെങ്കിൽ പണി പാളും

വേനല്‍ക്കാലം വരുന്നത് പ്രമാണിച്ച് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ പാര്‍ക്കിങ് ടിക്കറ്റുകള്‍ വളരെ വേഗത്തില്‍ വിറ്റുപോകുന്നതായി അധികൃതര്‍. കഴിഞ്ഞ വേനല്‍ക്കാലത്ത് ഉണ്ടായിരുന്നതിലും വേഗത്തിലാണ് ടിക്കറ്റുകള്‍ വിറ്റുപോകുന്നതെന്നും, വേനല്‍ക്കാലത്ത് വിനോദയാത്രകള്‍ വര്‍ദ്ധിക്കുന്നതോടെ എയര്‍പോര്‍ട്ടില്‍ പാര്‍ക്കിങ് സ്ലോട്ടുകള്‍ കിട്ടാന്‍ ഇടയില്ലാത്ത സ്ഥിതിയാകുമെന്നും അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

23,000-ഓളം കാര്‍ പാര്‍ക്കിങ് സ്‌പേസുകള്‍ ഉണ്ടെങ്കിലും, എയര്‍പോര്‍ട്ടില്‍ എത്തുന്ന വാഹനങ്ങളുടെ ആവശ്യത്തിന് ഇവ തികയുന്നില്ല. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ചില ദിവസങ്ങളിലെ പാര്‍ക്കിങ് ടിക്കറ്റുകള്‍ ഇതിനോടകം തന്നെ വിറ്റുപോയതായും എയര്‍പോര്‍ട്ട് അതോറിറ്റി വക്താവ് ഗ്രേയം മക്വീന്‍ പറഞ്ഞു. വേനല്‍ക്കാലത്ത് രണ്ടാഴ്ച മുമ്പ് ബുക്ക് ചെയ്താല്‍ പോലും ടിക്കറ്റ് കിട്ടാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം എയര്‍പോര്‍ട്ടിന് സമീപത്തെ ‘ക്വിക്ക് പാര്‍ക്ക്’ വാങ്ങുന്നതില്‍ നിന്നും കോംപറ്റീഷന്‍ അതോറിറ്റി എയര്‍പോര്‍ട്ട് നടത്തിപ്പുകാരെ വിലക്കിയിരുന്നു. 6,000 കാര്‍ പാര്‍ക്കിങ് സ്‌പേസുകള്‍ ഇവിടെയുണ്ട്. ഫിന്‍ഗാള്‍ ഡെവലപ്‌മെന്റ് പദ്ധതി പ്രകാരം എയര്‍പോര്‍ട്ടിന് സ്വന്തമായി വേറെ പാര്‍ക്കിങ് നിര്‍മ്മിക്കാന്‍ സാധിക്കാത്ത സ്ഥിതിയുമാണ്. ഭാവിയില്‍ എയര്‍പോര്‍ട്ട് പാര്‍ക്കിങ്ങിന് ഇവ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. വേനല്‍ക്കാലത്ത് പാര്‍ക്കിങ് സ്‌പേസ് കിട്ടാത്തവര്‍ എയര്‍പോര്‍ട്ടിലെത്താന്‍ പൊതുഗതാഗതസംവിധാനങ്ങള്‍ ഉപയോഗിക്കുന്നതാകും ഉചിതം.

Share this news

Leave a Reply

%d bloggers like this: