അയര്‍ലണ്ടില്‍ ഒരു വര്‍ഷത്തിനിടെ 4,106 നഴ്സുമാര്‍ ആക്രമിക്കപ്പെട്ടതായി Irish Nurses and Midwives Organisation (INMO). ഏപ്രില്‍ 28-ന് അന്താരാഷ്ട്ര തൊഴിലാളി സ്മാരക ദിനത്തിന്റെ ഭാഗമായി ജോലിക്കിടെ ജീവന് നഷ്ടപ്പെട്ട സഹപ്രവര്‍ത്തകരെ ഓര്‍മ്മിക്കുന്ന വേളയില്‍ INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha ആണ് കണക്ക് പുറത്തുവിട്ടത്.
2023 ജനുവരി മുതല്‍ 2024 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ജോലിസ്ഥലങ്ങളില്‍ വച്ച് 4,106 നഴ്സുമാരാണ് വാക്കുകള്‍ കൊണ്ടും, ശാരീരകമായും, ലൈംഗികമായും ആക്രമിക്കപ്പെട്ടത്. അതേസമയം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങള്‍ കൂടി കണക്കിലെടുത്താല്‍ ഇത് വീണ്ടുമുയരും. നഴ്സുമാരുടെ തൊഴിലുടമകളും പലപ്പോഴും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്നതായി Sheaghdha പറഞ്ഞു.
നഴ്സുമാരുടെ തൊഴിലുടമ എന്ന നിലയില്‍ HSE അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും Sheaghdha ആവശ്യപ്പെട്ടു. തങ്ങളുടേതല്ലാത്ത തെറ്റുകളാല്‍ പല നഴ്സുമാരും ആക്രമിക്കപ്പെടുകയും, ജോലി തന്നെ ഉപേക്ഷിക്കേണ്ട ഘട്ടം വരികയും ചെയ്യുന്നുണ്ടെന്നും, ആശുപത്രികളിലെ അമിത തിരക്ക് അതിനൊരു പ്രധാന കാരണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ആശുപത്രികളില്‍ അനിയന്ത്രിതമായ തിരക്ക് കാരണം 506 രോഗികള്‍ ട്രോളികളിലും മറ്റുമായി ചികിത്സ തേടിയെന്നാണ് INMO-യുടെ ഏറ്റവും പുതിയ കണക്ക്. ഇതില്‍ 123 പേരും University Hospital Limerick-ലാണ്.