അയര്‍ലണ്ടില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ ഉണ്ടാക്കുന്ന അപകടങ്ങളെത്തുടര്‍ന്നുള്ള ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ 11% വര്‍ദ്ധിച്ചതായി Motor Insurers’ Bureau of Ireland (MIBI). 2023-ല്‍ വര്‍ഷം ഇത്തരം 1,927 ക്ലെയിമുകളാണ് MIBI-ക്ക് ലഭിച്ചത്. 2022-നെക്കാള്‍ 187 ക്ലെയിമുകള്‍ അധികമായി ലഭിച്ചു.
ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍, തിരിച്ചറിയപ്പെടാത്ത വാഹനങ്ങള്‍ എന്നിവ ഉണ്ടാക്കുന്ന അപകടങ്ങളില്‍ പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 1955-ലാണ് MIBI സ്ഥാപിക്കപ്പെട്ടത്. നിയമപ്രകാരം അയര്‍ലണ്ടിലെ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും MIBI-യില്‍ അംഗങ്ങളാകുകയും, വര്‍ഷംതോറും ഒരു തുക MIBI-ക്ക് സംഭാവന നല്‍കുകയും വേണം. ഈ തുകയാണ് ക്ലെയിമുകള്‍ വഴി അപകടത്തില്‍ പെട്ടവര്‍ക്ക് നല്‍കുന്നത്.
കൗണ്ടി തിരിച്ചുള്ള കണക്കുകളില്‍ പോയ വര്‍ഷം ഏറ്റവുമധികം ക്ലെയിമുകള്‍ ലഭിച്ചത് ഡബ്ലിനില്‍ നിന്നുമാണ്- 822. കോര്‍ക്ക് (141), ലിമറിക്ക് (112), കില്‍ഡെയര്‍ (102), ഗോള്‍വേ (91) എന്നീ കൗണ്ടികളാണ് പിന്നാലെ.
അതേസമയം ലെയ്ട്രിമില്‍ നിന്നുണ്ടാകുന്ന ഇത്തരം ക്ലെയിമുകളില്‍ 55% കുറവ് സംഭവിച്ചിട്ടുണ്ട്. ഒഫാലി (29%), സ്ലൈഗോ (21%) തുടങ്ങി ഒമ്പത് കൗണ്ടികളിലും ഇന്‍ഷുറന്‍സ് ഇല്ലാത്ത അപക ക്ലെയിമുകള്‍ കുറഞ്ഞു.
ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ അപകടമുണ്ടാക്കുന്നതിലെ വര്‍ദ്ധന ആശങ്കപ്പെടുത്തുന്നതാണെന്ന് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ MIBI മേധാവി ഡേവിഡ് ഫിറ്റ്സ്ജെറാള്‍ഡ് പറഞ്ഞു. രാജ്യത്ത് ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, പലരും ഇത് ബോധപൂര്‍വ്വം ലംഘിക്കുന്നുവെന്നാണ് ഇത്തരം സംഭവങ്ങളുടെ വര്‍ദ്ധന സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.