വർഷം 1500 യൂറോ ലാഭിക്കാം! അയർലണ്ടിലെ റെന്റ് ടാക്സ് ക്രെഡിറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം

അഡ്വ. ജിതിൻ റാം

അയര്‍ലണ്ടിലേയ്ക്ക് കുടിയേറി താമസിക്കുന്ന പ്രവാസികള്‍ മിക്കവരും വാടകവീടുകളിലോ, ഫ്‌ളാറ്റുകളിലോ ഒക്കെയാണ് കഴിയുന്നത്. രാജ്യത്തെ ഭവനവില, വാടക എന്നിവയെല്ലാം പലപ്പോഴും താങ്ങാനാകാത്തതാണെന്നും ഇതിനോടകം നമുക്ക് മനസിലായിക്കഴിഞ്ഞിരിക്കും. എന്നാല്‍ വാടകയുടെ അമിതഭാരം ജീവിതത്തെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പദ്ധതിയായ ‘Rent Tax Credit’ വഴി അത്യാവശ്യം നല്ലൊരു തുക വാടകയിനത്തില്‍ ലാഭിക്കാവുന്നതാണ്. ഇതിനെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തതിനാല്‍ പലര്‍ക്കും ഈ പണം നഷ്ടപ്പെടുന്നുമുണ്ട്. എന്താണ് റെന്റ് ടാക്‌സ് ക്രെഡിറ്റ്, എത്ര തുക ലാഭിക്കാം, ആരൊക്കെ അര്‍ഹരാണ്, എങ്ങനെ അപേക്ഷിക്കാം മുതലായ കാര്യങ്ങളാണ് ഈ ലേഖനത്തില്‍ വിശദീകരിക്കുന്നത്.

എന്താണ് Rent Tax Credit?

വാടകയ്ക്ക് താമസിക്കുന്ന അര്‍ഹരായ ആളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായമാണ് റെന്റ് ടാക്‌സ് ക്രെഡിറ്റ്. നിങ്ങള്‍ നല്‍കുന്ന ഇന്‍കം ടാക്‌സില്‍ നിന്നും നിശ്ചിത തുക ഇതുവഴി ലാഭിക്കാന്‍ സാധിക്കും.

2022 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളില്‍ നല്‍കുന്ന വീട്ടുവാടകയിനത്തിലാണ് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുക. നിലവില്‍ 2022, 2023 വര്‍ഷങ്ങളില്‍ നിങ്ങള്‍ നല്‍കിയ വാടകയ്ക്ക് ടാക്‌സ് ഇളവ് ലഭിക്കനുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്. 2024-ലെ അപേക്ഷ 2025-ലും, 2025-ലേത് 2026-ലും ആണ് ഫയല്‍ ചെയ്യാന്‍ സാധിക്കുക. അതേസമയം നിങ്ങള്‍ ഒരു PAYE Tax Payer ആണെങ്കില്‍ 2024-ലെ ടാക്‌സ് ക്രെഡിറ്റിനും ഇപ്പോള്‍ തന്നെ അപേക്ഷിക്കാം.

റെന്റ് ടാക്‌സ് ക്രെഡിറ്റ് വഴി എത്ര തുക ലാഭിക്കാം?

ഒരു വര്‍ഷം നിങ്ങള്‍ വാടകയിനത്തില്‍ നല്‍കുന്ന തുകയുടെ 20% ആണ് റെന്റ് ടാക്‌സ് ക്രെഡിറ്റ് ആയി തിരികെ ലഭിക്കുക. വ്യക്തികള്‍ക്ക് പരമാവധി 750 യൂറോ വരെയും, ഒരുമിച്ച് ടാക്‌സ് നല്‍കുന്ന ദമ്പതികള്‍ക്ക് പരമാവധി 1,500 യൂറോ വരെയുമാണ് ഇത്തരത്തില്‍ തിരികെ ലഭിക്കാന്‍ അവകാശം (2022, 2023 വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 500, 1500 യൂറോ വീതം ആണ്).

ഒരേ വീട് തന്നെ പലരും ഷെയര്‍ ചെയ്ത് താമസിക്കുകയും, എല്ലാവരും വാടക നല്‍കുകയും ചെയ്യുന്നുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും ടാക്‌സ് ക്രെഡിറ്റിന് അപേക്ഷിക്കാവുന്നതാണ്.

ടാക്‌സ് ക്രെഡിറ്റില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത് എന്തെല്ലാം?

വാടക വീടിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ്, അറ്റകുറ്റപ്പണികള്‍, ലോണ്‍ട്രി, യൂട്ടിലിറ്റി ബില്ലുകള്‍, മറ്റ് സേവനങ്ങള്‍ മുതലായവയൊന്നും റെന്റ് ടാക്‌സില്‍ പെടില്ല.

ആരൊക്കെയാണ് റെന്റ് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹര്‍?

  • താമസിക്കുന്ന വീടിന് വാടക നല്‍കുന്നവര്‍
  • താമസിക്കുന്ന വീട് കൂടാതെ അയര്‍ലണ്ടില്‍ മറ്റൊരു വീട് ജോലിക്കോ, മറ്റാവശ്യത്തിനോ ആയി വാടകയ്ക്ക് എടുത്തവര്‍
  • അംഗീകൃതമായ ഒരു കോഴ്‌സ് പഠിക്കുന്നതിനായി നിങ്ങളുടെ മകനോ, മകളോ ഒരു വാടക വീട് എടുത്തിട്ടുണ്ടെങ്കില്‍ (കോഴ്‌സ് ആരംഭിക്കുന്ന വര്‍ഷം അവര്‍ക്ക് 23 വയസ് തികഞ്ഞിട്ടുണ്ടാകരുത്. ഈ വീട്ടുടമ നിങ്ങളുടെയോ, കുട്ടിയുടെയോ ബന്ധു ആയിരിക്കുകയും അരുത്.)

മറ്റ് ഹൗസിങ് പദ്ധതിയില്‍ പെട്ടവര്‍ക്ക് റെന്റ് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുമോ?

രാജ്യത്തെ മറ്റ് ഹൗസിങ് സഹായപദ്ധതികളായ Housing Assistance Payment, Rent Supplement, Rental Accommodation Scheme, Cost rental housing മുതലായവയുടെ ഗുണഭോക്താക്കള്‍ക്ക് റെന്റ് ടാക്‌സ് ക്രെഡിറ്റ് ലഭിക്കില്ല.

വാടക രജിസ്റ്റര്‍ ചെയ്തിരിക്കണം

ടാക്‌സ് ക്രെഡിറ്റിന് അപേക്ഷിക്കണമെങ്കില്‍ നിങ്ങള്‍ വാടകയ്ക്ക് താമസിക്കുന്ന കാര്യം Residential Tenancy Board (RTB)-ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. കാരണം അപേക്ഷാ സമയത്ത് Registered Tenancy (RT) number നല്‍കേണ്ടതുണ്ട്. അഥവാ അപേക്ഷാ സമയത്ത് നമ്പര്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീടായാലും നല്‍കേണ്ടത് നിര്‍ബന്ധമാണ്. ഒപ്പം വീട്ടുടമയുടെ പേര്, വിലാസം, പിപിഎസ് നമ്പര്‍ അല്ലെങ്കില്‍ ടാക്‌സ് റഫറന്‍സ് നമ്പര്‍, കെട്ടിടത്തിന്റെ ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് നമ്പര്‍ എന്നിവയും നല്‍കണം.

അതേസമയം വാടക കാര്യം രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് നിഷ്‌കര്‍ഷിക്കപ്പെട്ട കെട്ടിടത്തിലാണ് താമസിക്കുന്നതെങ്കില്‍ RTB രജിസ്‌ട്രേഷനില്ലാതെ തന്നെ ടാക്‌സ് ക്രെഡിറ്റിന് അപേക്ഷിക്കാം. ലൈസന്‍സ് അറേഞ്ച്‌മെന്റ് എന്നാണ് ഇവ അറിയപ്പെടുന്നത്. ഉദാ: വീട്ടുടമയുമായി കെട്ടിടം ഷെയര്‍ ചെയ്യുക, റെന്റ് എ റൂം താമസക്കാര്‍, digs-ലെ താമസക്കാര്‍ മുതലായവര്‍. നിങ്ങളുടെ മകനോ, മകളോ ഇത്തരത്തില്‍ താമസിക്കുകയാണെങ്കിലും നിങ്ങള്‍ക്ക് ടാക്‌സ് ക്രെഡിറ്റിന് അപേക്ഷിക്കാം.

ഹൗസിങ് അസോസിയേഷന്‍, അംഗീകൃത ഹൗസിങ് ബോഡി, ലോക്കല്‍ അതോറിറ്റി എന്നിവയുടെ കീഴിലുള്ള വീടുകളിലും, രക്ഷിതാക്കള്‍, മക്കള്‍ എന്നിവരുടെ വീടുകളിലും താമസിക്കുന്നവര്‍, വാടക നല്‍കുന്നുണ്ടെങ്കിലും ടാക്‌സ് ക്രെഡിറ്റിന് അര്‍ഹരല്ല.

റെന്റ് ടാക്‌സ് ക്രെഡിറ്റിന് എങ്ങനെ അപേക്ഷിക്കാം?

PAYE Taxpayer (https://www.revenue.ie/en/jobs-and-pensions/what-is-paye/index.aspx) ആയിട്ടുള്ളവര്‍ക്ക് 2022, 2023 വര്‍ഷങ്ങളില്‍ നല്‍കിയ വാടകയ്ക്കായുള്ള ടാക്‌സ് ക്രെഡിറ്റ് myAccount വഴി അപേക്ഷിക്കാം. അതിനായി:

  1. myAccount- (https://www.ros.ie/myaccount-web/sign_in.html)-ല്‍ സൈന്‍ ഇന്‍ ചെയ്യുക
  2. PAYE Services സെക്ഷനില്‍ പോകുക
  3. ‘Review your Tax 2020–2023’ ക്ലിക്ക് ചെയ്ത് വര്‍ഷം തെരഞ്ഞെടുക്കുക
  4. ‘Statement of Liability’-യില്‍ നിന്നും ‘Request’ ക്ലിക്ക് ചെയ്യുക
  5. ‘Complete Your Income Tax Return’ ക്ലിക്ക് ചെയ്യുക
  6. തുടര്‍ന്ന് വരുന്ന ‘Tax Credits & Reliefs’ പേജില്‍ ‘You and your family’ സെലക്ട് ചെയ്ത ശേഷം ‘Rent Tax Credit’ ക്ലിക്ക് ചെയ്യുക
  7. വിവരങ്ങള്‍ നല്‍കുക

PAYE taxpayer-മാര്‍ക്ക് 2024-ലെ റെന്റ് ടാക്‌സ് ക്രെഡിറ്റിനും ഇപ്പോള്‍ തന്നെ അപേക്ഷിക്കാവുന്നതാണ്. ഇതിനായി:

  1. myAccount-ല്‍ (https://www.ros.ie/myaccount-web/sign_in.html) സൈന്‍ ഇന്‍ ചെയ്യുക
  2. PAYE Services സെക്ഷനില്‍ പോകുക
  3. Manage Your Tax 2024 ക്ലിക്ക് ചെയ്യുക
  4. Add new creditsക്ലിക്ക് ചെയ്യുക
  5. You and Your family സെക്ഷനില്‍ Rent Tax Credit ക്ലിക്ക് ചെയ്യുക

സ്വയം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരാണെങ്കില്‍ റെന്റ് ടാക്‌സ് ക്രെഡിറ്റിന് എങ്ങനെ അപേക്ഷിക്കാം?

സ്വയം ടാക്‌സ് റിട്ടേണ്‍ (income tax self-assessment) ഫയല്‍ ചെയ്യുന്നവര്‍ക്ക് Revenue Online Service (ROS)-ലെ Income Tax Return (Form 11) പൂരിപ്പിച്ച് 2022, 2023 വര്‍ഷങ്ങളിലെ റെന്റ് ടാക്‌സ് ക്രെഡിറ്റിന് അപേക്ഷിക്കാവുന്നതാണ്. ഇതിനായി:

  1. ROS-ല്‍ (https://www.ros.ie/) സൈന്‍ ഇന്‍ ചെയ്യുക
  2. My Services സ്‌ക്രീന്‍ ഓപ്പണ്‍ ചെയ്യുക
  3. File Return ക്ലിക്ക് ചെയ്യുക
  4. ഡ്രോപ്ഡൗണ്‍ മെനുവില്‍ നിന്നും Income Tax സെലക്ട് ചെയ്യുക
  5. വര്‍ഷം സെലക്ട് ചെയ്യുക
  6. Tax return-ല്‍ നിന്നും Rent Tax Credit ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കുക

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.citizensinformation.ie/en/money-and-tax/tax/housing-taxes-and-reliefs/rent-tax-credit/

https://www.revenue.ie/en/tax-professionals/tdm/income-tax-capital-gains-tax-corporation-tax/part-38/38-06-05.pdf

https://www.revenue.ie/en/self-assessment-and-self-employment/filing-your-tax-return/index.aspx

Adv. Jithin Ram

Mob: 089 211 3987

Louis Kennedy Solicitors

Email: info@louiskennedysolicitors.ie

കടപ്പാട്: അഡ്വ. ജയ തറയിൽ, ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ്

Share this news

Leave a Reply

%d bloggers like this: