ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ സോഷ്യല്‍ ഹൗസിങ് പദ്ധതിയില്‍ നിര്‍മ്മിച്ച വീടുകളുടെ ചുമരില്‍ വംശീയ വിദ്വേഷം നിറഞ്ഞ വാക്കുകള്‍ എഴുതിവച്ച് അജ്ഞാതര്‍. പ്രദേശത്ത് ഒഴിഞ്ഞുകിടക്കുന്ന മൂന്ന് വീടുകളുടെ ചുമരിലാണ് ‘അയര്‍ലണ്ടുകാര്‍ക്ക് മാത്രം, അല്ലെങ്കില്‍ വീടിന് തീവയ്ക്കും (Irish only or the house burns)’ എന്ന് ഗ്രാഫിറ്റി രീതിയില്‍ എഴുതിവച്ചിരിക്കുന്നത്.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇത് മായ്ച്ചുകളയാനുള്ള നടപടികളെടുത്തതായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അറിയിച്ചു. ഇംഗ്ലിഷ് ഡിഫന്‍സ് ലീഗ് മുന്‍ നേതാവായ ടോമി റോബിന്‍സണ്‍ അടക്കമുള്ളവര്‍ ഈ വംശവെറിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ‘ഫിന്‍ഗ്ലാസിലെ ജനങ്ങള്‍ മനസിലിരിപ്പ് വ്യക്തമാക്കിയിരിക്കുന്നു’ എന്ന് വീടുകളുടെ ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഷെയര്‍ ചെയ്ത് റോബിന്‍സണ്‍ കുറിച്ചു.
സംഭവത്തെ അപലപിച്ച് ലോക്കല്‍ കൗണ്‍സിലറായ Fianna Fail-ന്റെ Briege MacOscar-ഉം രംഗത്തെത്തി. അതേസമയം റോബിന്‍സണ്‍ ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുക വഴി ഫിന്‍ഗ്ലാസിനെ പറ്റി മോശം പ്രതിച്ഛായയാണ് ബ്രിട്ടനില്‍ ഉണ്ടാകുകയെന്നും, പ്രദേശം തീവ്രവലതുപക്ഷവാദികളുടെ ഇടമാണെന്ന ധാരണ പടരുമെന്നും Fianna Fail-ന്റെ തന്നെ പ്രദേശത്തെ മറ്റൊരു കൗണ്‍സിലറായ Keith Connolly പ്രതികരിച്ചു. അതേസമയം ഇത്തരത്തില്‍ ഗ്രാഫിറ്റി എഴുതിയത് നിരാശാജനകമാണെന്നും, ഇത് ശുദ്ധമായ വംശവെറിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.