സമാധാനപ്രിയരായ ലോകരാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ അയര്‍ലണ്ടും. സമാധാനവുമായി ബന്ധപ്പെട്ട് Institute for Economics & Peace തയ്യാറാക്കിയ 163 രാജ്യങ്ങളുടെ പട്ടികയില്‍ (Global Peace Index) മൂന്നാം സ്ഥാനം ആണ് അയര്‍ലണ്ട് നേടിയിരിക്കുന്നത്. പട്ടികയില്‍ ഐസ്‌ലന്‍ഡ് ഒന്നാം സ്ഥാനവും, ഡെന്മാര്‍ക്ക് രണ്ടാം സ്ഥാനവും നേടിയപ്പോള്‍ ഇന്ത്യയ്ക്ക് 126-ആം സ്ഥാനമാണ് ലഭിച്ചത്.
23 മാനദണ്ഡങ്ങളാണ് ഒരു രാജ്യത്തെ സമാധാന നിലവാരത്തെ അളക്കാനായി ഓസ്‌ട്രേലിയയിലെ സിഡ്‌നി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Institute for Economics & Peace ഉപയോഗിച്ചിരിക്കുന്നത്. സമൂഹത്തിലെ സുരക്ഷ, ആഭ്യന്തരമായും, അന്തര്‍ദേശീയമായും ഉള്ള സംഘര്‍ഷങ്ങള്‍, സൈനികവല്‍ക്കരണം മുതലായ ഓരോ കാര്യങ്ങള്‍ക്കും പോയിന്റുകള്‍ നല്‍കുകയാണ് ചെയ്തിരിക്കുന്നത്. 5-ല്‍ ആകെയുള്ള പോയിന്റ് ഏറ്റവും കുറവുള്ള രാജ്യത്താണ് ഏറ്റവുമധികം സമാധാനം ഉള്ളതെന്നും, പോയിന്റ് കൂടിവരുന്നതനുസരിച്ച് സമാധാനത്തിന്റെ കാര്യത്തില്‍ കുറവ് വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023-ലെ സാഹചര്യമാണ് വിലയിരുത്തിയത്.
ഒന്നാം സ്ഥാനത്തുള്ള ഐസ്‌ലന്‍ഡിന് 1.124 പോയിന്റും, രണ്ടാം സ്ഥാനത്തുള്ള ഡെന്മാര്‍ക്കിന് 1.31 പോയിന്റുമാണ് ഉള്ളത്. മൂന്നാം സ്ഥാനക്കാരായ അയര്‍ലണ്ടിന്റെ പോയിന്റ് 1.312 ആണ്.
സുസ്ഥിരമായ ജനാധിപത്യ വ്യവസ്ഥ, രാഷ്ട്രീയ, സാമൂഹിക സ്വാതന്ത്ര്യം, കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുന്ന മനോഭാവം, മനോഹരമായ പരിസ്ഥിതി എന്നിവയാണ് അയര്‍ലണ്ടിനെ പട്ടികയില്‍ മുന്നിലെത്തിച്ചത്.
പട്ടികയില്‍ ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങള്‍ ഇവ:
4- New Zealand (1.313)
5- Austria (1.316)
6- Singapore (1.332)
7- Portugal (1.333)
8- Slovenia (1.334)
9- Japan (1.336)
10- Switzerland (1.339)
126-ആം സ്ഥാനമാണ് ഇന്ത്യ നേടിയതെങ്കിലും, മുന്‍ റാങ്കിങ്ങിനെക്കാള്‍ 9 സ്ഥാനം ഇന്ത്യ മെച്ചപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, യെമന്‍, സിറിയ, സൗത്ത് സുഡാന്‍, കോംഗോ എന്നിവയാണ് പട്ടികയില്‍ ഏറ്റവും താഴെ.