സൈമൺ ഹാരിസ് പ്രധാനമന്ത്രിയായതിന് പിന്നാലെ ജനപിന്തുണയിൽ മുന്നേറി Fine Gael; രാജ്യത്ത് ഏറ്റവുമധികം പേർ പിന്തുണയ്ക്കുന്നത് ഏത് പാർട്ടിയെ?

സൈമണ്‍ ഹാരിസ് അയര്‍ലണ്ടിന്റെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്തിന് പിന്നാലെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ Fine Gael-ന് ജനപിന്തുണയില്‍ വര്‍ദ്ധന. രാജ്യചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായാണ് ഹാരിസ് ഈ മാസം 9-ന് ചുമതലയേറ്റത്. പാർട്ടിയുടെ പുതിയ നേതാവായും ഹാരിസിനെ തെരഞ്ഞെടുത്തിരുന്നു.

ഇതിന് ശേഷം നടത്തിയ Sunday Times/Opinions അഭിപ്രായ സര്‍വേയില്‍ Fine Gael-ന്റെ ജനപിന്തുണ 3% ഉയര്‍ന്ന് 20% ആയി.

അതേസമയം ഇപ്പോഴും രാജ്യത്ത് ഏറ്റവും ജനപിന്തുണയുള്ളത് പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന് ആണ്. 27% പേരുടെ പിന്തുണയാണ് മേരി ലൂ മക്‌ഡൊണാള്‍ഡ് നയിക്കുന്ന പാര്‍ട്ടിക്ക് ഉള്ളത്. മുന്‍ സര്‍വേയെക്കാള്‍ 1% പിന്തുണ പാര്‍ട്ടിക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ സഖ്യകക്ഷിയായ Fianna Fail-ന് 16% പേരുടെ പിന്തുണയാണ് ഉള്ളതെങ്കില്‍ മറ്റൊരു സര്‍ക്കാര്‍ സഖ്യകക്ഷിയായ ഗ്രീന്‍ പാര്‍ട്ടിക്ക് 6% പേരുടെ പിന്തുണയാണ് ഉള്ളത് (വര്‍ദ്ധന 1%).

മറ്റ് പാര്‍ട്ടികളുടെ നിലവിലെ ജനപിന്തുണ ഇപ്രകാരം:

സ്വതന്ത്രര്‍- 16%
സോഷ്യല്‍ ഡെമോക്രാറ്റ്‌സ്- 4%
ലേബര്‍- 5%
സോളിഡാരിറ്റി പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്- 3%
Aontú- 3%

ഏപ്രില്‍ 12 മുതല്‍ 17 വരെയുള്ള തീയതികളില്‍ 1,100 പേരെ ഓണ്‍ലൈനായി സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Share this news

Leave a Reply

%d bloggers like this: