അയര്‍ലണ്ടില്‍ കത്തി ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ കാലം തടവുശിക്ഷ ലഭിക്കുമെന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ. ഇത് സംബന്ധിച്ച മക്കന്റീയുടെ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. രാജ്യത്തെ ക്രമസമാധാനപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പുതിയ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് നടപടി. അയര്‍ലണ്ടില്‍ കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി കഴിഞ്ഞ ദിവസം പുറത്തുവന്ന ആശങ്ക പടര്‍ത്തിയിരുന്നു.
മുറിവേല്‍പ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കത്തി കൈവശം വയ്ക്കുക, കത്തിയുമായി അതിക്രമിച്ച് കടക്കുക, കത്തി കാട്ടി ഭീഷണിപ്പെടുത്തുക മുതലായ കുറ്റകൃത്യങ്ങള്‍ക്കുള്ള പരമാവധി തടവുശിക്ഷ അഞ്ചില്‍ നിന്നും 10 വര്‍ഷമാക്കി ഉയര്‍ത്തുമെന്ന് മന്ത്രി മക്കന്റീ വ്യക്തമാക്കി. ഇതിന് പുറമെ കത്തി ഇറക്കുമതി ചെയ്യുക, വില്‍പ്പന നടത്തുക എന്നിവയ്ക്കുള്ള തടവുശിക്ഷ ഏഴില്‍ നിന്നും 10 വര്‍ഷമാക്കി ഉയര്‍ത്തുകയും ചെയ്യും.
ശിക്ഷ വര്‍ദ്ധിപ്പിക്കുന്നതിലൂടെ കുറ്റകൃത്യം തടയാമെന്നാണ് പ്രതീക്ഷയെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മക്കന്റീ പറഞ്ഞു. അതേസമയം കുറ്റവാളിസംഘങ്ങള്‍ കത്തി പ്രധാന ആയുധമായി ഉപയോഗിക്കുന്ന ലണ്ടന്‍, ഗ്ലാസ്‌ഗോ മുതലായ നഗരങ്ങളിലെ അത്ര ഗുരുതരമല്ല അയര്‍ലണ്ടിലെ സ്ഥിതി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും അത് വഷളാകാതെ നോക്കുകയാണ് വേണ്ടത്. Anti-Social Behaviour Forum-ന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി.
ഗാര്‍ഡയുടെ കണക്കുകള്‍ പ്രകാരം 2019-ല്‍ 2,146 കത്തികളും, 2020-ല്‍ 2,260 എണ്ണവും, 2023-ല്‍ 2,186 കത്തികളുമാണ് പിടിച്ചെടുത്തിട്ടുള്ളത്.