ജീവിതച്ചെലവ് കുതിച്ചുയര്‍ന്ന അയര്‍ലണ്ടില്‍ അഞ്ചില്‍ ഒന്നിൽ കൂടുതൽ പേരും പലപ്പോഴും ഭക്ഷണം ഒഴിവാക്കുന്നതായി കണ്ടെത്തല്‍. National Youth Council of Ireland (NCYI)-ന്റെ പുതിയ റിപ്പോര്‍ട്ടിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്.
സര്‍വേയില്‍ പങ്കെടുത്ത 44% പേരും ഈ വര്‍ഷം തങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കം 2023-ലെക്കാള്‍ അധികമാണെന്നും പ്രതികരിച്ചിട്ടുണ്ട്. പാര്‍പ്പിടം തന്നെയാണ് ഭൂരിഭാഗം പേരുടെയും ഏറ്റവും വലിയ പ്രശ്നം.
അധികൃതര്‍ തങ്ങളെ കൈയൊഴിഞ്ഞുവെന്നാണ് രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് തോന്നുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ രക്ഷിതാക്കളെക്കാള്‍ മോശം കാലഘട്ടത്തിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്നാണ് 18-29 പ്രായക്കാരായവര്‍ കരുതുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്രായത്തിലുള്ള പകുതി പേരും മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സര്‍വേ കണ്ടെത്തിയിട്ടുണ്ട്. പാര്‍പ്പിടം, ജീവിതച്ചെലവ് എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍.