അയര്‍ലണ്ടില്‍ ഏറ്റവുമധികം ഗതാഗതനിയമ ലംഘകര്‍ ഉള്ള കൗണ്ടി ഒഫാലി. റോഡ് സുരക്ഷാ അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ഡ്രൈവര്‍മാര്‍ക്ക് (കൗണ്ടിയിലെ ആകെ ഡ്രൈവര്‍മാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍) പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചത് ഒഫാലിയിലാണ്.
2023-ല്‍ ഒഫാലി കൗണ്ടിയില്‍ 3,532 പേര്‍ക്കാണ് വിവിധ ഗതാഗതനിയമലംഘനങ്ങള്‍ക്കായി പിടിക്കപ്പെട്ട് പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചത്. അതായത് കൗണ്ടിയില്‍ ആകെയുള്ള ഡ്രൈവര്‍മാരില്‍ 6.2% പേരും നിയമലംഘനം നടത്തി. ഗതാഗതനിയമലംഘനത്തിലെ ദേശീയ ശരാശരി 5.3% ആണെന്നോര്‍ക്കണം.
ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ലോങ്‌ഫോര്‍ഡും (6.0%), മൂന്നാം സ്ഥാനത്ത് ടിപ്പററിയുമാണ് (5.8%). ലീഷ് (5.7%), വെക്‌സ്‌ഫോര്‍ഡ് (5.5%), ക്ലെയര്‍ (5.3%), ലിമറിക്ക് (5.3%), വെസ്റ്റ് മീത്ത് (5.3%) എന്നീ കൗണ്ടികളിലും, ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍ ഡ്രൈവര്‍മാര്‍ ഗതാഗതനിയമലംഘനത്തിന് പോയ വര്‍ഷം പിടിക്കപ്പെട്ട് പെനാല്‍റ്റി പോയിന്റ് നല്‍കപ്പെട്ടിട്ടുണ്ട്.
അതേസമയം പോയ വര്‍ഷം അയര്‍ലണ്ടിലെ കൗണ്ടികളില്‍ ഡ്രൈവര്‍മാരില്‍ ഏറ്റവും കുറച്ച് പേര്‍ക്ക് പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചത് ഡോണഗലിലാണ്- 3.4%.
രാജ്യത്ത് പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ച ഡ്രൈവര്‍മാരില്‍ 75% പേരും നടത്തിയ നിയമലംഘനം അമിതവേഗമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ റോഡപകടമരണങ്ങള്‍ വര്‍ദ്ധിക്കുന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.
അതേസമയം രാജ്യത്ത് കഴിഞ്ഞ വര്‍ഷം പെനാല്‍റ്റി പോയിന്റ് ലഭിക്കുന്ന ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ 2022-നെ അപേക്ഷിച്ച് 6% കുറവ് വന്നിട്ടുണ്ട്. അമിതവേഗത്തിന് പിടിയിലാകുന്നവരുടെ എണ്ണത്തില്‍ 9%, സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 11% എന്നിങ്ങനെയും കുറവ് വന്നു.
എന്നാല്‍ ഇത് ആളുകള്‍ നിയമലംഘനം നടത്തുന്നത് കുറഞ്ഞത് കൊണ്ടല്ലെന്നും, പരിശോധനകള്‍ കുറഞ്ഞത് കൊണ്ടാണെന്നും ആണ് വിമര്‍ശനമുയരുന്നത്. ഈയിടെ രാജ്യത്തെ റോഡപകടമരണങ്ങള്‍ വര്‍ദ്ധിച്ചത് ഏറെ ചര്‍ച്ചയായിട്ടുമുണ്ട്.