ഗര്‍ഭിണിയാണെന്ന കാരണം പറഞ്ഞ് മലയാളിയായ നഴ്സിന് സ്ഥിരനിയമനം നിഷേധിച്ച അയര്‍ലണ്ടിലെ നഴ്സിങ് ഹോമിന് 56,000 യൂറോ പിഴയിട്ട് വര്‍ക്ക്പ്ലോസ് റിലേഷന്‍സ് കമ്മിഷന് (WRC). Irish Nurses and Midwives Organisation (INMO) വഴി മലയാളിയായ ടീന മേരി ലൂക്കോസ് ആണ് Glenashling Nursing Home ഉടമകളായ Riada Care Ltd-ന് എതിരെ WRC-യില്‍ പരാതി നല്‍കിയത്. 2022 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
സ്ഥാപനം നടത്തിയത് വിചേചനം (maternity discrimination) ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രണ്ട് വര്‍ഷത്തെ ശമ്പളമായ 56,000 യൂറോ ടീനയ്ക്ക് നഷ്ടപരിഹാരമായി നല്കാന് WRC വിധിച്ചത്. എംപ്ലോയ്മെന്റ് ഇക്വാളിറ്റി ആക്ട് 1998 പ്രകാരമാണ് നടപടി.
2022 ഓഗസ്റ്റില്‍ ഫിക്സഡ് ടേം കോണ്‍ട്രാക്ട് അവസാനിച്ച ശേഷം തനിക്ക് സ്ഥിരനിയമനം നല്കാന് നഴ്സിങ് ഹോം തയ്യാറായില്ലെന്നാണ് ടീന പരാതിയില്‍ ആരോപിച്ചത്. ആ വര്‍ഷം ജനുവരി മുതല്‍ താന്‍ ഗര്‍ഭിണിയായിരുന്നുവെന്നും, സെപ്റ്റംബര്‍ മുതല്‍ ഒരു വര്‍ഷത്തെ മറ്റേണിറ്റി ലീവിന് അപേക്ഷിച്ചിരുന്നുവെന്നും ടീന പരാതിയില്‍ പറയുന്നു. എന്നാല്‍ സ്ഥിരനിയമനം നല്‍കുന്നതിന് പകരമായി ഓഗസ്റ്റ് 4-ന് നിലവിലെ കോണ്‍ട്രാക്ട് അവസാനിക്കുമെന്നായിരുന്നു Riada Care ടീനയ്ക്ക് മറുപടി നല്‍കിയത്. പിന്നീട് ഒക്ടോബര്‍ വരെ കോണ്‍ട്രാക്ട് നീട്ടിനല്‍കിയെങ്കിലും സ്ഥിരനിയമനം നല്‍കിയില്ല.
എന്നാല്‍ സ്ഥാപനത്തിലെ മറ്റ് ജോലിക്കാര്‍ക്കെല്ലാം ഫിക്സഡ് കോണ്‍ട്രാക്ട് ടേമിന് ശേഷം സ്ഥിരനിയമനം നല്‍കിയതായി ടീന പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയാണെന്ന കാരണത്താല്‍ ടീനയോട് സ്ഥാപനം വിവേചനം കാട്ടിയെന്ന് ഇതില്‍ നിന്നും WRC-ക്ക് വ്യക്തമാകുകയായിരുന്നു.