അയർലണ്ടിലെയും യു.കെയിലെയും 3 ലക്ഷത്തോളം വരുന്ന ടാക്സി യാത്രക്കാരുടെ വ്യക്തിവിവരങ്ങൾ ചോർന്നു

ഐറിഷ് ടാക്‌സി സോഫ്റ്റ്‌വെയര്‍ കമ്പനിയായ iCabbi-യില്‍ നിന്നും മൂന്ന് ലക്ഷത്തോളം വരുന്ന യാത്രക്കാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു. അയര്‍ലണ്ടിലും, യു.കെയിലുമായി താമസിക്കുന്ന 287,000 ആളുകളുടെ പേരുകള്‍, ഇമെയില്‍ അഡ്രസുകള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയാണ് ചോര്‍ന്നത്. ഇതില്‍ ബിബിസിയിലെ മുതിര്‍ന്ന ഡയറക്ടര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ബ്രിട്ടിഷ് സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍, ഒരു ഇയു രാജ്യത്തിന്റെ അംബാസഡര്‍ എന്നിവരും ഉള്‍പ്പെടുന്നു.

VPNMentor എന്ന സ്ഥാപനത്തിലെ സെക്യൂരിറ്റി വിഭാഗം ഗവേഷകയായ ജെറമിയ ഫൗളര്‍ ആണ് വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയത്. iCabbi സൂക്ഷിച്ചിരുന്ന 23,000 വ്യക്തിഗത വിവരങ്ങളടങ്ങിയ രേഖകള്‍ പാസ്‌വേര്‍ഡ് ഉപയോഗിച്ച് സംരക്ഷിച്ചിരുന്നില്ലെന്നും ഫൗളര്‍ പറയുന്നു.

അതേസമയം വിവരങ്ങള്‍ മറ്റൊരു ഡാറ്റേബേസിലേയ്ക്ക് മാറ്റുന്നതിനിടെയുണ്ടായ മാനുഷികമായ തെറ്റ് കാരണമാണ് അവ ചോര്‍ന്നതെന്നാണ് iCabbi പറയുന്നത്. ഇതെത്തുടര്‍ന്ന് ആവശ്യമായ നടപടികള്‍ എടുത്തതായും കമ്പനി പറഞ്ഞു.

ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിലൂടെ തട്ടിപ്പുകാര്‍ അവ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും, ജനങ്ങള്‍ കരുതിയിരിക്കണമെന്നും ഫൗളര്‍ പറയുന്നു. സംഭവത്തെ പറ്റി വിവരം ലഭിച്ചതായും iCabbi-യുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും Irish Data Protection Commission-ഉം പ്രതികരിച്ചു.

ടാക്‌സി ഡിസ്പാച്ച്, പണം അടയ്ക്കല്‍ മുതലായവയ്ക്കായി ടാക്‌സി കമ്പനികള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണ് iCabbi.

Share this news

Leave a Reply

%d bloggers like this: