2024 മാർച്ച് വരെയുള്ള 12 മാസത്തിനിടെ അയർലണ്ടിലുണ്ടായ പണപ്പെരുപ്പം 2.9% ആണെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO). ഫെബ്രുവരി വരെയുള്ള ഒരു വർഷത്തിനിടെ ഇത് 3.4% ആയിരുന്നു. തുടർച്ചയായി അഞ്ചാം മാസമാണ് പണപ്പെരുപ്പം 5 ശതമാനത്തിൽ കൂടാതെ പിടിച്ചുനിർത്താൻ സാധിക്കുന്നത്.
കണക്കുകൾ പരിശോധിച്ചാൽ ഒരു വർഷത്തിനിടെ ഏറ്റവും വില ഉയർന്നത് റീക്രിയേഷൻ, കൾച്ചർ എന്നിവയ്ക്കാണ്- 8.3%. റസ്റ്ററന്റ്, ഹോട്ടൽ എന്നിവയ്ക്കുള്ള ചെലവ് 5.5% വർദ്ധിച്ചു.
അതേസമയം പാക്കേജ് ഹോളിഡെയുടെ ചെലവ് 40% ആണ് വർദ്ധിച്ചത്.
പണപ്പെരുപ്പത്തിൽ കുറവ് സംഭവിച്ചെങ്കിലും ജീവിത ചെലവ് വർധിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തേക്കാൾ 80-90% അധിക വിലയാണ് നിലവിൽ വൈദ്യുതി, ഗ്യാസ് മുതലായ നിത്യോപയോഗ സാധനങ്ങൾക്ക് ഉള്ളതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യ വസ്തുക്കൾക്ക് 25-30 ശതമാനവും വില അധികമാണ്. അതായത് പണപ്പെരുപ്പം കുറഞ്ഞതിന്റെ ഫലം ജനങ്ങളിലേക്ക് എത്താൻ ഇനിയും കാലമെടുക്കും. എക്സൈസ് നികുതി പുനഃസ്ഥാപിച്ചതോടെ രാജ്യത്ത് ഇന്ധന വിലയും ഈയിടെ വർധിച്ചിരുന്നു.