അയര്‍ലണ്ടില്‍ ജൂണ്‍ മാസത്തില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന് മുന്‍തൂക്കം. ഏപ്രില്‍ 6, 7 തീയതികളിലായി രാജ്യത്തെ 1,334 വോട്ടര്‍മാരെ പങ്കെടുപ്പിച്ച് The Journal/Ireland Thinks നടത്തിയ സര്‍വേയില്‍, 23% പേരാണ് യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ Sinn Fein സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്തുമെന്ന് പ്രതികരിച്ചത്.
20% പേര് Fine Gael-ന് വോട്ട് രേഖപ്പെടുത്തുമെന്ന് പ്രതികരിച്ചപ്പോള്‍, Fianna Fail-ന് 17% പേരുടെ പിന്തുണയാണുള്ളത്. 15% പേര് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയും പിന്തുണയ്ക്കുന്നു.
മറ്റ് പാര്‍ട്ടികളുടെ വോട്ട് ഷെയര്‍ ഇപ്രകാരം:
സോഷ്യല്‍ ഡെമോക്രാറ്റ്സ്- 6%
ഗ്രീന്‍ പാര്‍ട്ടി- 6%
Aontu- 5%
ലേബര്‍ പാര്‍ട്ടി- 3%
സോളിഡാരിറ്റി പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്- 3%
മറ്റുള്ളവര്‍- 2%
അതേസമയം Fine Gael-ന്റെ പുതിയ നേതാവായി സൈമണ്‍ ഹാരിസ് എത്തിയത് ചെറുപ്പക്കാര്‍ക്കിടയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായിട്ടുണ്ട് എന്നാണ് സര്‍വേ പറയുന്നത്. ഹാരിസ് നേതാവായത് കാരണം പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ സാധ്യതയില്ല എന്ന് 18-34 പ്രായക്കാരായ 23% പേരാണ് പ്രതികരിച്ചത്. Fine Gael നേതാവായതിന് പിന്നാലെ പ്രധാനമന്ത്രിയായും ഹാരിസ് ചൊവ്വാഴ്ച സ്ഥാനമേറ്റെടുത്തിരുന്നു.
ആകെ പ്രതികരിച്ചവരില്‍ 79% പേരും ഹാരിസിന്റെ നേതൃത്വം തങ്ങളുടെ വോട്ടിങ് തീരുമാനത്തെ ബാധിക്കില്ലെന്നാണ് പ്രതികരിച്ചത്. 15% Fine Gael-ന് വോട്ട് ചെയ്യാന്‍ സാധ്യത കുറവാണെന്നും, 6% പേര് ഹാരിസ് കാരണം പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്നും പ്രതികരിച്ചു.