കോവിഡ് കാലത്ത് ഹോട്ടല്‍ അടച്ചിട്ട ശേഷം വീണ്ടും തുറന്നപ്പോഴും മാനേജറെ തിരികെ ജോലിക്ക് വിളിക്കാതിരുന്ന സംഭവത്തില്‍ ഹോട്ടലിന് പിഴയിട്ട് വര്‍ക്ക്പ്ലേസ് റിലേഷന്‍സ് കമ്മിഷന് (WRC). ഡബ്ലിനിലെ പ്രശസ്തമായ Camden Court Hotel-നോടാണ് മുന്‍ റസ്റ്ററന്റ് മാനേജറായ ബലാസ് ബിഹാരിക്ക് 9,000 യൂറോ നഷ്ടപരിഹാരം നല്കാന് കമ്മിഷന് ഉത്തരവിട്ടത്.
കോവിഡ് കാരണം ഹോട്ടല്‍ ഏതാനും മാസത്തേയ്ക്ക് അടച്ചിട്ട ശേഷം 2020 ഡിസംബറില്‍ ആയിരുന്നു വീണ്ടും തുറന്നത്. അടച്ചിട്ട കാലം ബിഹാരി അടക്കമുള്ള ജോലിക്കാര്‍ ലീവിലുമായിരുന്നു. വീക്ക്ലി പാന്‍ഡമിക് പേയ്മെന്റായി ആഴ്ചയില്‍ 350 യൂറോ ഇക്കാലത്ത് ബിഹാരിക്ക് ലഭിച്ചിരുന്നു.
എന്നാല്‍ വീണ്ടും തുറന്ന ശേഷം ചില ജോലിക്കാരെ മാത്രം തിരികെ വിളിക്കുകയും, താനടക്കമുള്ളവരെ ഒഴിവാക്കുകയുമാണ് ഹോട്ടല്‍ ചെയ്തതെന്നായിരുന്നു ബിഹാരിയുടെ പരാതി. 13 വര്‍ഷമായി Camden Court Hotel-ല്‍ റസ്റ്ററന്റ് മാനേജറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.
എന്നാല്‍ മാനേജറെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നില്ലെന്നും, 2021 മെയ് മാസം മുതല്‍ ജോലിക്ക് വരാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നുവെന്നുമായിരുന്നു ഹോട്ടല്‍ അധികൃതരുടെ വാദം. പക്ഷേ ജോലിയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് പല തവണ ഹോട്ടല്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടും, ബിഹാരിക്ക് കൃത്യമായ മറുപടികളൊന്നും ലഭിച്ചിരുന്നില്ല. റസ്റ്ററന്റ് തുറന്നിട്ടില്ല എന്നായിരുന്നു ലഭിച്ച മറുപടി. അങ്ങനെയെങ്കില്‍ താന്‍ തല്ക്കാലത്തേയ്ക്ക് സെക്യൂരിറ്റി ജോലി ചെയ്യാമെന്ന് ബിഹാരി പറഞ്ഞെങ്കിലും അതിനും ഹോട്ടല്‍ അധികൃതര്‍ അനുവദിച്ചില്ല.
തുടര്‍ന്ന് ബിഹാരി വക്കീല്‍ വഴി നോട്ടീസ് അയയ്ക്കുകയും, തല്‍ഫലമായി ബിഹാരിയുമായി മാനേജ്മെന്റ് അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. പരിഹാരമുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ബിഹാരി വര്‍ക്ക്പ്ലേസ് റിലേഷന്‍സ് കമ്മിഷനെ സമീപിച്ചത്.
ഹോട്ടല്‍ വീണ്ടും തുറന്നപ്പോള്‍ എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ചിലരെ മാത്രം വീണ്ടും ജോലിക്ക് എടുക്കുകയും, മറ്റ് ചിലരെ ഒഴിവാക്കുകയും ചെയ്തതെന്ന് വിശദീകരിക്കാന്‍ വര്‍ക്ക്പ്ലേസ് റിലേഷന്‍സ് കമ്മിഷന് വിചാരണയില്‍ ഹോട്ടല്‍ അധികൃതര്‍ക്ക് സാധിച്ചില്ല. ഇത്രയും കാലത്തെ സര്‍വീസ് ഉള്ള ബിഹാരിയോടുള്ള ഹോട്ടല്‍ അധികൃതരുടെ പെരുമാറ്റം ഒട്ടും ബഹുമാനം നിറഞ്ഞ രീതിയിലായിരുന്നില്ലെന്നും കമ്മിഷന് നിരീക്ഷിച്ചു. തുടര്‍ന്നാണ് 9,000 യൂറോ അദ്ദേഹത്തിന് നഷ്ടപരിഹാരം നല്കാന് കമ്മിഷന് അഡ്ജങ്ഷന് ഓഫിസറായ ഗേയ് കണ്ണിങ്ഹാം വിധിച്ചത്.