അടുത്ത അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് 250,000 വീടുകള്‍ നിര്‍മ്മിക്കുമെന്ന് നിയുക്ത പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. 50,000 യൂറോയ്ക്ക് താഴെ മാത്രം സമ്പാദിക്കുന്നവര്‍ ഉയര്‍ന്ന ടാക്‌സ് നിരക്ക് നല്‍കേണ്ടിവരില്ലെന്നും ശനിയാഴ്ച Fine Gael പാര്‍ട്ടിയുടെ 82-ആം വാര്‍ഷികസമ്മേളനത്തില്‍ ഹാരിസ് പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ഗോള്‍വേയില്‍ നടന്ന സമ്മേളനത്തിലാണ് 2,000 പാര്‍ട്ടി പ്രതിനിധികള്‍ക്ക് മുന്നില്‍ Fine Gael-ന്റെ പുതിയ നേതാവ് കൂടിയായ ഹാരിസിന്റെ പ്രഖ്യാപനം.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിനെതിരെയും ഹാരിസ് ശബ്ദമുയര്‍ത്തി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ചെയ്തികളില്‍ അയര്‍ലണ്ടുകാര്‍ക്ക് അമര്‍ഷമുണ്ടെന്നും, പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ അയര്‍ലണ്ട് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭവനമേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് പറഞ്ഞ ഹാരിസ്, നിലവിലെ ലക്ഷ്യമായ വര്‍ഷം 33,000 വീടുകള്‍ എന്നത് ഉയര്‍ത്തി, വര്‍ഷം 50,000 വീടുകള്‍ വീതം നിര്‍മ്മിക്കുമെന്നാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് രണ്ടര ലക്ഷം വീടുകളുടെ പണി പൂര്‍ത്തിയാക്കും. ഹെല്‍പ്പ് ടു ബയ് പദ്ധതി അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി നീട്ടാന്‍ തന്റെ പാര്‍ട്ടി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
50,000 യൂറോയില്‍ താഴെ സമ്പാദിക്കുന്നവര്‍ ഉയര്‍ന്ന നിരക്കിലുള്ള ഇന്‍കം ടാക്‌സ് നല്‍കേണ്ടിവരില്ലെന്നും ഹാരിസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പുതിയ ടാക്‌സ് പദ്ധതി രൂപീകരിക്കും. ഇതുവഴി സാധാരണക്കാരുടെ കൈയില്‍ പണം മിച്ചം വരുമെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനനഗരിയില്‍ കഴിഞ്ഞ നവംബറില്‍ നടന്ന കലാപത്തെ പറ്റിയും സംസാരിച്ച ഹാരിസ്, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി ഡബ്ലിന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് വ്യക്തമാക്കി. കുറ്റവാളികള്‍ക്ക് കൂടുതല്‍ കാലം ജയില്‍ശിക്ഷ നല്‍കാന്‍ ജഡ്ജുമാര്‍ക്ക് അധികാരം നല്‍കുന്ന തരത്തില്‍ നിയമമാറ്റം വരുത്തുകയും ചെയ്യും.
ചൊവ്വാഴ്ച നടക്കുന്ന പാര്‍ലമെന്റ് സമ്മാളനത്തിലാണ് ഹാരിസ് പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുക.