ചെറിയ നിക്ഷേപം, വമ്പൻ ലാഭം; അയർലണ്ടിൽ നിക്ഷേപ തട്ടിപ്പിൽ ജനങ്ങൾക്ക് നഷ്ടം 25 മില്യൺ!

അയര്‍ലണ്ടില്‍ നിക്ഷേപ തട്ടിപ്പ് കുതിച്ചുയര്‍ന്നു. പോയ വര്‍ഷം 25 മില്യണ്‍ യൂറോയാണ് ഇത്തരം വ്യാജപദ്ധതികള്‍ വഴി തട്ടിപ്പുകാര്‍ അയര്‍ലണ്ടുകാരില്‍ നിന്നും അടിച്ചെടുത്തത്.

2023-ല്‍ നിക്ഷേപ തട്ടിപ്പുകള്‍ വഴി 25,360,000 യൂറോ തട്ടിപ്പുകാര്‍ കവര്‍ന്നതായാണ് ഗാര്‍ഡയുടെ റിപ്പോര്‍ട്ട്. 2021-ല്‍ ഇത് 14 മില്യണ്‍ യൂറോയും, 2022-ല്‍ ഇത് 11.5 മില്യണ്‍ യൂറോയും ആയിരുന്നു. ഒപ്പം ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസത്തിനിടെ 55 പേരാണ് തങ്ങള്‍ നിക്ഷേപവുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്ക് ഇരയായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്നതിനെക്കാള്‍ ഇരട്ടിയാണിത്.

കഴിഞ്ഞ വര്‍ഷം തട്ടിപ്പിന് ഇരയായവരില്‍ 69 ശതമാനവും പുരുഷന്മാരാണ്. ഇരകളില്‍ ഭൂരിഭാഗവും 40-ന് മേല്‍ പ്രായമായവരുമാണ്.

2020 ജനുവരി മുതല്‍ 2024 ജനുവരി വരെ 965 പേരാണ് തങ്ങള്‍ നിക്ഷേപ തട്ടിപ്പുകള്‍ക്ക് ഇരയായതായി ഗാര്‍ഡയ്ക്ക് പരാതി നല്‍കിയിട്ടുള്ളത്.

ഈ സാഹചര്യത്തില്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍മാരായും മറ്റും പരിചയപ്പെടുത്തി എത്തുന്ന തട്ടിപ്പുകാരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഗാര്‍ഡ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇല്ലാത്ത പദ്ധതികളുടെ പേര് പറഞ്ഞ് പണം നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. റിട്ടയര്‍ ചെയ്തതിനു ശേഷം സ്വസ്ഥജീവിതം നയിക്കാനായി സ്വരുക്കൂട്ടി വച്ച പണം പോലും ഇത്തരത്തില്‍ നഷ്ടപ്പെട്ട ധാരാളം പേരുണ്ട്.

ജീവിതച്ചെലവ് വളരെയധികം വര്‍ദ്ധിച്ചിരിക്കുന്ന നിലവിലെ സാഹചര്യമാണ് തട്ടിപ്പുകാര്‍ മുതലാക്കുന്നത്. എന്തെങ്കിലും നിക്ഷേപം നല്ലതാണെന്നും, ഭാവിയില്‍ മുതല്‍ക്കൂട്ടാകുമെന്നും കരുതുന്നവരെ എളുപ്പത്തില്‍ പറ്റിക്കാനും തട്ടിപ്പുകാര്‍ക്ക് സാധിക്കുന്നു. പലരും സോഷ്യല്‍ മീഡിയയിലും, ഓണ്‍ലൈനിലും കാണുന്ന പരസ്യങ്ങള്‍ ക്ലിക്ക് ചെയ്യുന്നതിലൂടെയാണ് തട്ടിപ്പുകാരിലേയ്ക്ക് എത്തുന്നത്. വ്യാജ ആപ്പുകളും തട്ടിപ്പിന് ഉപയോഗപ്പെടുത്തുന്നു.

ഓണ്‍ലൈന്‍ വഴിയുള്ള ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതി പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യരുതെന്നും, അത്തരത്തില്‍ വരുന്ന ഫോണ്‍ കോളുകളെ വിശ്വസിക്കരുതെന്നും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കുന്നു. പലതും വലിയ ലാഭം നല്‍കുമെന്ന തരത്തിലാണ് ഓഫറുകള്‍ മുന്നോട്ട് വയ്ക്കുന്നത്. നിഷ്‌കളങ്കര്‍ ഇതില്‍ വശംവദരാകുകയും ചെയ്യും.

അഥവാ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വിശ്വാസമുള്ള ഏതാനും ആളുകളില്‍ നിന്നും, നിയമസ്ഥാപനങ്ങളില്‍ നിന്നും പദ്ധതിയെ പറ്റിയും, കമ്പനിയെ പറ്റിയും വിശദമായി അറിഞ്ഞ്, വിശ്വസനീയമാണെന്ന് ഉറപ്പായാല്‍ മാത്രമേ അതിന് മുതിരാകൂ എന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓര്‍ക്കുക- തട്ടിപ്പുകാരുടെ പ്രധാന ഉപായം, വലിയ ലാഭം വാഗ്ദാനം ചെയ്യലാണ്. അതില്‍ വഞ്ചിതരാകാതിരിക്കുക. അഥവാ തട്ടിപ്പ് സംശയിച്ചാല്‍ ഉടന്‍ ഗാര്‍ഡയെ ബന്ധപ്പെടുക.

Share this news

Leave a Reply

%d bloggers like this: