Fine Gael പാര്‍ട്ടിയുടെ ഉപനേതാവായി നിലവിലെ സാമൂഹികക്ഷേമവകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ്. പാര്‍ട്ടിയുടെ പുതിയ നേതാവും, രാജ്യത്തിന്റെ നിയുക്ത പ്രധാനമന്ത്രിയുമായ സൈമണ്‍ ഹാരിസാണ് ഹംഫ്രിസിനെ സ്ഥാനമേല്‍പ്പിച്ചത്. വാണിജ്യ, തൊഴില്‍ വകുപ്പ് മന്ത്രിയായ സൈമണ്‍ കോവനെയ്ക്ക് പകരക്കാരിയായാണ് ഹംഫ്രിസ് സ്ഥാനം ഏറ്റെടുക്കുന്നത്.
Fine Gael നേതൃസ്ഥാനത്തു നിന്നും, പ്രധാനമന്ത്രി പദത്തില്‍ നിന്നും ലിയോ വരദ്കര്‍ രാജിവച്ച ശേഷം നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. വരദ്കര്‍ക്ക് പിന്നാലെ മന്ത്രിസ്ഥാനം ഒഴിയുന്നതായി കോവനെയും വ്യക്തമാക്കിയിരുന്നു.
കാവന്‍- മൊണാഗനെ പ്രതിനിധീകരിക്കുന്ന ടിഡിയാണ് ഹെതര്‍ ഹംഫ്രിസ്. പാര്‍ട്ടി ഉപനേതാവ് എന്ന സ്ഥാനം വലിയ ബഹുമതിയായി കരുതുന്നുവെന്നും, തന്റെ സഹപ്രവര്‍ത്തകനായ സൈമണ്‍ കോവനെ ചെയ്തുവച്ച കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും, സ്ഥാനം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹംഫ്രിസ് പ്രതികരിച്ചു.
ഈസ്റ്റര്‍ അവധിക്ക് ശേഷം പാര്‍ലമെന്റ് സമ്മേളനം കൂടുന്ന അടുത്തയാഴ്ചയാണ് സൈമണ്‍ ഹാരിസ് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. അയര്‍ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമാകും 37-കാരനായ ഹാരിസ്.