അടുത്തയാഴ്ച വീണ്ടും പാര്‍ലമെന്റ് സമ്മേളനം ചേരുമ്പോള്‍ താന്‍ മന്ത്രിസ്ഥാനത്തു നിന്നും പടിയിറങ്ങുമെന്ന് വ്യക്തമാക്കി സൈമണ്‍ കോവനെ. നിലവില്‍ അയര്‍ലണ്ടിന്റെ വാണിജ്യ, സംരഭകത്വ, തൊഴില്‍ വകുപ്പ് മന്ത്രിയാണ് Fine Gael-ന്റെ ഉപനേതാവ് കൂടിയായ കോവനെ.
മന്ത്രിസ്ഥാനം രാജിവച്ച ശേഷം കോര്‍ക്ക് സൗത്ത് സെന്‍ട്രലിനെ പ്രതിനിധീകരിക്കുന്ന ടിഡിയായി താന്‍ തുടരുമെന്നും കോവനെ വ്യക്തമാക്കി. മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന കാര്യം തിങ്കളാഴ്ച രാത്രി, നിയുക്ത പ്രധാനമന്ത്രി സൈമണ്‍ ഹാരിസിനെ താന്‍ അറിയിച്ചതായും കോവനെ കൂട്ടിച്ചേര്‍ത്തു.
2022 ഡിസംബര്‍ മുതല്‍ അയര്‍ലണ്ടിന്റെ വാണിജ്യവകുപ്പ് മന്ത്രിയാണ് അദ്ദേഹം. കഴിഞ്ഞ 13 വര്‍ഷമായി വിവിധ വകുപ്പുകളില്‍ അദ്ദേഹം മന്ത്രിയായി സേവനമനുഷ്ഠിച്ച് വരികയാണ്. 2017 മുതല്‍ 2022 ജൂണ്‍ വരെ ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു. ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ അടക്കം കാര്യമായ ഇടപെടല്‍ കോവനെ നടത്തിയിരുന്നു.
ലിയോ വരദ്കര്‍ രാജിവച്ചതിനെത്തുടര്‍ന്ന് സൈമണ്‍ ഹാരിസ് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുക ഏപ്രില്‍ 9-ന് നടക്കുന്ന സഭാ സമ്മേളനത്തിലാണ്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുമ്പോള്‍ മന്ത്രിസഭയും പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കോവനെ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം അടുത്ത തെരഞ്ഞെടുപ്പോടെ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ 51-കാരനായ കോവനെ തയ്യാറായില്ല.