യൂറോപ്പിന്റെ ഫ്രീ ട്രാവല്‍ ഏരിയയില്‍ അംഗങ്ങളായി റൊമാനിയയും, ബള്‍ഗേറിയയും. ഈ രണ്ട് രാജ്യങ്ങളും 2007 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളാണെങ്കിലും ഷെങ്കണ്‍ ഏരിയ അഥവാ ഫ്രീ ട്രാവല്‍ ഏരിയയില്‍ അംഗങ്ങളായിരുന്നില്ല.
അതേസമയം ഈ രാജ്യങ്ങളില്‍ നിന്നും കടല്‍, വായു മാര്‍ഗ്ഗം എത്തുന്നവര്‍ക്ക് മാത്രമേ നിയന്ത്രണമില്ലാത്ത യാത്രാ സൗജന്യം ലഭിക്കൂ. കര മാര്‍ഗ്ഗം എത്തുമ്പോള്‍ അതിര്‍ത്തികളില്‍ പരിശോധന തുടരും. കുടിയേറ്റക്കാര്‍ അനധികൃതമായി അതിര്‍ത്തി കടന്നേക്കും എന്ന ആശങ്ക കാരണം ഓസ്ട്രിയ ഈ രാജ്യങ്ങള്‍ക്ക് ഷെങ്കണ്‍ അംഗത്വം നല്‍കാന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കരയാത്രകളില്‍ പരിശോധന തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ നിയന്ത്രണരഹിത യാത്രാ പ്രദേശമാണ് ഷെങ്കണ്‍ എന്ന് പറഞ്ഞ ഇയു കമ്മിഷന്‍ പ്രസിഡന്റ് Ursula von der Leyen, റൊമാനിയയ്ക്കും, ബള്‍ഗേറിയയ്ക്കും വലിയ നേട്ടമാണിതെന്നും, ചരിത്രനിമിഷമാണ് കൈവന്നിരിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
1985-ലാണ് വിസ രഹിത യാത്രയ്ക്കായി ഷെങ്കണ്‍ ഏരിയ സ്ഥാപിച്ചത്. ഷെങ്കണ്‍ അംഗങ്ങളായ രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ ഓരോ രാജ്യത്തിന്റെയും പ്രത്യേക വിസകള്‍ക്ക് പകരം ഒരൊറ്റ ഷെങ്കണ്‍ വിസ മതി. റൊമാനിയയ്ക്കും, ബള്‍ഗേറിയയ്ക്കും മുമ്പ് 27 ഇയു അംഗരാജ്യങ്ങളിലെ 23 രാജ്യങ്ങള്‍ ചേര്‍ന്നതായിരുന്നു ഷെങ്കണ്‍ ഏരിയ. ഇയു അംഗങ്ങളല്ലാത്ത സ്വിറ്റ്‌സര്‍ലണ്ട്, നോര്‍വേ, ഐസ്ലന്‍ഡ്, ലെങ്കാഷന്‍ എന്നിവയും ഷെങ്കണ്‍ ഏരിയയില്‍ അംഗങ്ങളാണ്. ഏകദേശം 3.5 മില്യണ്‍ ആളുകളാണ് നിയന്ത്രണങ്ങളില്ലാതെ ഷെങ്കണ്‍ പ്രദേശത്ത് ദിവസേന അതിര്‍ത്തി കടന്ന് യാത്ര ചെയ്യുന്നത്.
അയര്‍ലണ്ട് ഷെങ്കണ്‍ ഏരിയയില്‍ അംഗമല്ലാത്തതിനാല്‍, ഷെങ്കണ്‍ വിസയുമായി വരുന്നവര്‍ക്ക് ഐറിഷ് വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കാന്‍ സാധിക്കില്ല.