അയര്‍ലണ്ടില്‍ കുട്ടികളുടെ സാന്നിദ്ധ്യമുള്ള ഇടങ്ങളില്‍ ഇ- സിഗരറ്റുകളുടെ പരസ്യം പതിക്കുന്നത് തടയുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. Public Health (Tobacco Products and Nicotine Inhaling Products) Act 2023-ലെ പുതിയ വകുപ്പ് പ്രകാരമാണ് നടപടി. ഈ വര്‍ഷം സെപ്റ്റംബറോടെ നിയന്ത്രണം നിലവില്‍ വരും.
കുട്ടികളുടെ സിനിമകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇത്തരം പരസ്യം നല്‍കുന്നതിന് വിലക്കുണ്ടാകും. ഇതിന് പുറമെ പൊതുഗതാഗതം, സ്കൂളിന് 200 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലും ഇ-സിഗരറ്റുകള്‍, വേപ്പറുകള്‍ എന്നിവയുടെ പരസ്യം പാടില്ല. കുട്ടികള്‍ക്ക് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ശന നിരോധനവും നടപ്പില്‍ വരുത്തും.
ആരോഗ്യകുപ്പ് പുകവലി നിരോധനത്തിന്റെ 20-ആം വാര്‍ഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മന്ത്രി ഡോനലി ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. പുകവലിക്കാനുള്ള കുറഞ്ഞ പ്രായം 21 ആക്കി ഉയര്‍ത്താനും, വേപ്പറുകള്‍ക്ക് പൂര്‍ണ്ണനിരോധനം ഏര്‍പ്പെടുത്താനും താന്‍ ആഗ്രഹിക്കുന്നതായും ഡോനലി പറഞ്ഞു.