വടക്കൻ അയർലണ്ടിലെ Democratic Unionist Party (DUP) നേതാവ് ജെഫ്രി ഡൊണാൾഡ്സൺ രാജിവച്ചു. 2021 ലാണ് എഡ്വിൻ പൂട്ട്സിന് പകരക്കാരനായി ഡൊണാൾഡ്സൺ പാർട്ടിയുടെ അമരത്തേക്ക് എത്തിയത്. 1997 മുതൽ പാർലമെന്റ് അംഗമാണ് 61 കാരനായ ഡൊണാൾഡ്സൺ.
മുൻ കാലത്ത് ഉണ്ടായിട്ടുള്ള ഒരു ലൈംഗിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഡൊണാൾഡ്സണെ പോലീസ് അറസ്റ്റ് ചെയ്തതാണ് രാജിയിലേയ്ക്ക് നയിച്ചത്. അതേസമയം ഈ കുറ്റകൃത്യം എന്തെന്നും, അതിൽ ഡൊണാൾഡ്സന്റെ പങ്ക് എന്തെന്നും വ്യക്തമല്ല. ഇതേ കേസിൽ 57- കാരിയായ ഒരു സ്ത്രീയും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
കോടതി വിധി വരും വരെ ജെഫ്രി ഡൊണാൾഡ്സണെ പാർട്ടി അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായും, പുതിയ നേതാവായി ഗാവിൻ റോബിൻസൺ മുക്തകണ്ഠമായി തെരഞ്ഞെടുത്തതായും DUP അറിയിച്ചു.
മുൻപ് UUP പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ഡൊണാൾഡ്സൺ 2004 ലാണ് പാർട്ടി വിട്ട് DUP യിൽ ചേരുന്നത്. ഈയിടെ വടക്കൻ അയർലണ്ടിൽ അധികാരം പങ്കുവയ്ക്കാൻ അനുകൂലാഭിപ്രായം രേഖപ്പെടുത്തിയതോടെ ഏറെക്കാലത്തിനു ശേഷം അവിടെ പാർലമെന്റായ സ്റ്റോർമണ്ട് അസംബ്ലി പുനഃസ്ഥാപിച്ചിരുന്നു.
ഏപ്രിൽ 22 ന് ഡൊണാൾഡ്സണെ കോടതിയിൽ ഹാജരാക്കും.