റൂറല്‍ റോഡുകളിലുണ്ടാകുന്ന വാഹനാപകട മരണങ്ങളുടെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ അയര്‍ലണ്ടിന് മൂന്നാം സ്ഥാനം. രാജ്യത്ത് ഉണ്ടാകുന്ന മൂന്നില്‍ രണ്ടിലധികം റോഡപകട മരണങ്ങളും ഇത്തരത്തില്‍ ഉള്‍പ്രദേശത്തെ റോഡുകളിലാണ് സംഭവിക്കുന്നത് എന്നും European Transport Safety Council (ETSC) വ്യക്തമാക്കി.
രാജ്യത്ത് 2020-2022 കാലയളവിലുണ്ടായ ആകെ റോഡപകട മരണങ്ങളില്‍ 67 ശതമാനവും ഉള്‍നാടന്‍ പ്രദേശങ്ങളിലാണ്. ഇക്കാര്യത്തില്‍ അയര്‍ലണ്ടിന് മുന്നിലുള്ള രാജ്യങ്ങള്‍ ഫിന്‍ലന്‍ഡ്, സ്വീഡന്‍ എന്നിവയാണ്. ഇയു ശരാശരിയാകട്ടെ 52% ആണ്.
ഇതിന് പുറമെ ഫ്രാന്‍സ്, ഓസ്ട്രിയ പോലെ നിരവധി ഇയു രാജ്യങ്ങളില്‍ റൂറല്‍ റോഡുകളിലെ ശരാശരി വേഗത കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുറഞ്ഞു വരുമ്പോള്‍, അയര്‍ലണ്ടില്‍ വേഗത കൂടിവരുന്നതായാണ് കാണാന്‍ സാധിക്കുന്നത്. ഇതും അപകടം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.
അയര്‍ലണ്ടിലെ വെറും 22% ആളുകള്‍ മാത്രമേ റൂറല്‍ റോഡുകളില്‍ 50 കി.മീ അനുവദനീയ വേഗമുള്ള സ്ഥലങ്ങളില്‍ അത് പാലിച്ച് യാത്ര ചെയ്യുന്നുള്ളൂ എന്നും റിപ്പോര്‍ട്ട് കണ്ടെത്തി. 100 കി.മീ പരിധിയുള്ള സ്ഥലങ്ങളില്‍ 75% പേരും ഇത് പാലിക്കുന്നുണ്ട്. 2022-ലെ കണക്കാണിത്.
അയര്‍ലണ്ടില്‍ ഈയിടെയായി റോഡപകടങ്ങളും, ഇതെത്തുടര്‍ന്നുള്ള മരണങ്ങളും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പ്രധാനപ്പെട്ട കാര്യങ്ങള്‍ വെളിവാക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. അയര്‍ലണ്ടില്‍ ഈ വര്‍ഷം ഇതുവരെ 55 പേരുടെ ജീവനാണ് റോഡുകളില്‍ പൊലിഞ്ഞത്. റൂറല്‍ റോഡുകളിലെ അപകടങ്ങള്‍ കുറയ്ക്കാനായി സര്‍ക്കാരിന്റെ അടിയന്തരവും, കാര്യക്ഷമവുമായ ഇടപെടലും ETSC നിര്‍ദ്ദേശിക്കുന്നുണ്ട്.
മോട്ടോര്‍വേകള്‍ മാറ്റി നിര്‍ത്തി, റൂറല്‍ റോഡുകളുടെ മാത്രം കാര്യമെടുത്താല്‍ 2022-ല്‍ ഇയുവിലാകെയുണ്ടായ അപകട മരണങ്ങള്‍ 10,000-ഓളമാണ്.