പലസ്തീനിലെ യുദ്ധത്തില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുന്നുവെന്ന് കാട്ടി രാജ്യാന്തര കോടതിയെ സമീപിച്ച സൗത്ത് ആഫ്രിക്കയ്‌ക്കൊപ്പം കേസില്‍ കക്ഷി ചേരാന്‍ അയര്‍ലണ്ട്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം വിദേശകാര്യമന്ത്രിയും, ഉപപ്രധാനമന്ത്രിയുമായ മീഹോള്‍ മാര്‍ട്ടിന്‍ ഇന്ന് മന്ത്രിസഭയില്‍ മുന്നോട്ട് വയ്ക്കും. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ നെതര്‍ലന്‍ഡ്‌സിലെ ഹേഗിലുള്ള രാജ്യാന്തര കോടതിയില്‍ ഇസ്രായേലിനെതിരെയുള്ള കേസില്‍ അയര്‍ലണ്ടും കക്ഷിയാകും.
1948 Genocide Convention പ്രകാരമാണ് ഇസ്രായേലിനെതിരെ സൗത്ത് ആഫ്രിക്ക രാജ്യാന്തര കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 7-ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഗാസയില്‍ ഇസ്രായേല്‍ സൈന്യം നാശം വിതയ്ക്കുന്നത് തുടരുകയാണ്. വെടിനിര്‍ത്തലിനായി ഇസ്രായേലിന്റെ സുഹൃദ് രാഷ്ട്രമായ യുഎസ് അടക്കമുള്ള ലോകരാജ്യങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടും, ഗാസയില്‍ ഇസ്രായേല്‍ കരയുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഹമാസിനെ തുടച്ചുനീക്കുക എന്ന പേരിലാണ് ഇസ്രായേലിന്റെ ആക്രമണമെങ്കിലും ആയിരക്കണക്കിന് നിരപരാധികളാണ് ഗാസയിലും വെസ്റ്റ് ബാങ്കിലുമായി മരിച്ചുവീഴുന്നത്.
അയര്‍ലണ്ടിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ അന്താരാഷ്ട്ര കോടതിയില്‍ സൗത്ത് ആഫ്രിക്കയ്‌ക്കൊപ്പം കക്ഷി ചേരാന്‍ സര്‍ക്കാരിന് മേല്‍ ജനുവരി മുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. തുടര്‍ന്ന് ഇക്കാര്യം പരിഗണിക്കുമെന്ന് മാര്‍ട്ടിന്‍ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള അയര്‍ലണ്ട്, സ്‌പെയിന്‍, മാള്‍ട്ട, അയര്‍ലണ്ട് എന്നീ രാജ്യങ്ങളുടെ നീക്കത്തിനെതിരെ ഇസ്രായേല്‍ രംഗത്ത് വന്നു. പലസ്തീനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കുന്നതിലേയ്ക്ക് നയിക്കൂ എന്നും, അതിന് പുറത്തുള്ളവ സംഘര്‍ഷം രൂക്ഷമാക്കാനേ ഉപകരിക്കൂ എന്നുമാണ് ഇസ്രായേല്‍ വിദേശകാര്യമന്ത്രിയായ ഇസ്രായേല്‍ കറ്റ്‌സ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം യുദ്ധത്തിന് എന്ത് പരിഹാരമാണ് കണ്ടിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.