Fine Gael നേതാവായി സൈമൺ ഹാരിസ്; ഈസ്റ്ററിന് ശേഷം പ്രധാനമന്ത്രിയായും സ്ഥാനമേൽക്കും

മറ്റ് സ്ഥാനാര്‍ത്ഥികളില്ലാതെ വന്നതോടെ Fine Gael-ന്റെ പുതിയ നേതാവായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് പ്രമുഖ നേതാക്കളും മന്ത്രിമാരും പിന്തുണയറിയിക്കുകയും, എതിര്‍ സ്ഥാനാര്‍ത്ഥികളൊന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്യാതിരുന്നതിനാല്‍ ഹാരിസ് തന്നെ നേതൃസ്ഥാനത്തേയ്ക്ക് എത്തുമെന്ന് നേരത്തെ തന്നെ ഏറെക്കുറെ ഉറപ്പായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച പ്രധാനമന്ത്രി ലിയോ വരദ്കര്‍ അപ്രതീക്ഷിത രാജി പ്രഖ്യാപിച്ചതോടെയാണ് പാര്‍ട്ടിക്ക് പുതിയ നേതാവിനെ തെരഞ്ഞെടുക്കേണ്ടി വന്നത്. പ്രധാനമന്ത്രി പദവും അദ്ദേഹം രാജി വച്ചിരുന്നു.

അതേസമയം നിലവിലെ സഖ്യസര്‍ക്കാര്‍ കാലയളവ് പൂര്‍ത്തിയാക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഇന്നലെ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം മാധ്യമങ്ങളെ കണ്ട ഹാരിസ് പറഞ്ഞു. ഈ ദിവസം തനിക്ക് വൈകാരികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരദ്കറിന്റെ രാജിക്ക് പിന്നാലെ സര്‍ക്കാര്‍ അധികാരമൊഴിഞ്ഞ് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷമായ Sinn Fein അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

പാര്‍ട്ടി നേതാവായതിന് പിന്നാലെ ഈസ്റ്റര്‍ അവധിക്ക് ശേഷം നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഹാരിസ് പ്രധാനമന്ത്രിയായും ചുമതലയേല്‍ക്കും. ഇതോടെ രാജ്യചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാകും 37-കാരനായ ഹാരിസ്.

Share this news

Leave a Reply

%d bloggers like this: