ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യൂറോപ്പിലെ കാർ വിൽപ്പന കൈവരിച്ചത് 10.1% വളർച്ച. 2023 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് വലിയ നേട്ടമാണ് ഇത്തവണ വിപണിയിൽ ഉണ്ടായിരിക്കുന്നത്. ഹൈബ്രിഡ്- ഇലക്ട്രിക്ക് കാറുകൾക്കാണ് ഏറ്റവും ഡിമാൻഡ്.
യൂറോപ്യൻ രാജ്യങ്ങളിൽ ഫ്രാൻസിലെ കാർ വിപണിയാണ് വളർച്ചയിൽ മുന്നിൽ. ഫ്രാൻസ് 13% വളർച്ച നേടിയപ്പോൾ ഇറ്റലി 12.8%, സ്പെയിൻ 9.9%, ജർമ്മനി 5.4% എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി.
ഈ വർഷം ജനുവരിയിൽ ഏറ്റവും വിപണി വളർച്ച ഇലക്ട്രിക്ക് കാറുകൾക്ക് ആയിരുന്നെങ്കിൽ ഫെബ്രുവരി മാസം വളർച്ചയുടെ കാര്യത്തിൽ മുന്നിൽ ഇലക്ട്രിക്ക്- ഹൈബ്രിഡ് കാറുകളാണ്. ഒരു വർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ ഈ വിഭാഗം നേടിയ വളർച്ച 24.2% ആണെന്നാണ് European Automobile Manufacturers Association (ACEA) റിപ്പോർട്ട്.
അതേസമയം ഇപ്പോഴും വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കുന്നത് പെട്രോൾ കാറുകൾ തന്നെയാണ്. 35.7% ആണ് ഇവയുടെ മാർക്കറ്റ് ഷെയർ. ഹൈബ്രിഡ് ഇലക്ട്രിക്കിന്റെത് 28.9%, ബാറ്ററി ഇലക്ട്രിക്കിന്റെത് 13.2%, ഡീസലിന്റേത് 12%, പ്ളഗ് ഇൻ ഹൈബ്രിഡ് ഇലക്ട്രിക്കിന്റെത് 7.3% എന്നിങ്ങനെയുമാണ് മാർക്കറ്റ് ഷെയർ. പുതിയ ഡീസൽ കാറുകളുടെ വിൽപ്പനയിൽ 5.1% കുറവാണു ഒരു വർഷത്തിനിടെ രേഖപ്പെടുത്തിയത്.
അയർലണ്ട് അടക്കമുള്ള പല യൂറോപ്യൻ രാജ്യങ്ങളിലും ബാറ്ററി ഇലക്ട്രിക്ക് കാറുകളുടെ വിൽപ്പനയ്ക്ക് ഇടിവ് സംഭവിച്ചു. അതേസമയം ഹൈബ്രിഡ് ഇലക്ട്രിക്ക് വാഹനങ്ങളുടെ വിൽപ്പന ഉയരുകയും ചെയ്തു. സർക്കാർ സഹായത്തോടെ ഉള്ള ഇവി കാർ ഇൻസെന്റീവ്, മതിയായ ചാർജിങ് പോയിന്റുകളുടെ അഭാവം എന്നിവ ഇവി വിൽപ്പനയെ ബാധിക്കുന്നുണ്ട്.