അയര്‍ലണ്ടിലെ ഗാര്‍ഡ സേനയിലേയ്ക്ക് 165 പേരെ കൂടി ട്രെയിനിങ്ങിന് ശേഷം ഔദ്യോഗികമായി സ്വീകരിച്ചു. വെള്ളിയാഴ്ച നടന്ന അറ്റസ്‌റ്റേഷന്‍ ചടങ്ങില്‍ ഗാര്‍ഡ കമ്മിഷണര്‍ ഡ്രൂ ഹാരിസ് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തു.
വൈകാതെ തന്നെ രാജ്യത്തെ ഗാര്‍ഡ സേനയിലെ അംഗങ്ങളുടെ എണ്ണം 15,000 എന്ന ലക്ഷ്യം കൈവരിക്കുമെന്ന പ്രതീക്ഷ ചടങ്ങില്‍ ഹാരിസ് പങ്കുവച്ചു. നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീയും ചടങ്ങില്‍ സന്നിഹിതയായിരുന്നു.
ഈയിടെയാണ് ഗാര്‍ഡയില്‍ ചേരാനുള്ള പരമാവധി പ്രായം 35-ല്‍ നിന്നും 50 ആക്കി സര്‍ക്കാര്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് 35-50 പ്രായക്കാരില്‍ നിന്നും ധാരാളം അപേക്ഷകള്‍ ഈയിടെ നടത്തിയ റിക്രൂട്ട്‌മെന്റ് കാംപെയിനില്‍ ലഭിക്കുകയും ചെയ്തിരുന്നു. ആകെ 6,300 അപേക്ഷകളാണ് ലഭിച്ചത്. ഇതാണ് രാജ്യത്തെ ജനസംഖ്യയ്ക്ക് ആവശ്യമായ ഗാര്‍ഡകളുടെ എണ്ണം തികയ്ക്കാന്‍ സാധിക്കുമെന്ന് സേനയ്ക്ക് ആത്മവിശ്വാസം നല്‍കുന്നത്. 2024 ബജറ്റില്‍ എക്കാലത്തെയും വലിയ തുകയായ 2.3 ബില്യണ്‍ യൂറോ ഗാര്‍ഡ സേനയ്ക്കായി സര്‍ക്കാര്‍ നീക്കിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച സേനയില്‍ ചേര്‍ന്ന 165 പേരില്‍ 67% പേര്‍ പുരുഷന്മാരും, 33% സ്ത്രീകളുമാണ്. 17% പേര്‍ അയര്‍ലണ്ടിന് പുറത്ത് ജനിച്ചവരുമാണ്. ഇവര്‍ കൂടി എത്തിയതോടെ രാജ്യത്തെ ആകെ ഗാര്‍ഡ അംഗബലം 14,091 ആയി ഉയര്‍ന്നു. നിലവില്‍ 277 പേര്‍ കൂടി ട്രെയിനിങ് നടത്തി വരികയുമാണ്.
അതേസമയം ഡബ്ലിനിലെ കലാപം ആദ്യഘട്ടത്തില്‍ നിയന്ത്രിക്കുന്നതില്‍ ഗാര്‍ഡ പരാജയപ്പെട്ടതായി ആക്ഷേപമുയരുന്നത് തുടരുന്നതിന്റെ പശ്ചാത്തിലാണ് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്ന ചടങ്ങ് നടന്നത്.