ലിമറിക്ക് സിറ്റിയില്‍ വെള്ളിയാഴ്ച ഗാര്‍ഡ നടത്തിയ റെയ്ഡില്‍ പൈപ്പ് ബോംബും, മയക്കുമരുന്നും, പണവും പിടിച്ചെടുത്തു. മയക്കുമരുന്ന് വിതരണവും, വില്‍പ്പനയും തടയുക ലക്ഷ്യമിട്ട് St Mary’s Park, Kings Island പ്രദേശങ്ങളിലെ ഏഴിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ആഡംബര വാച്ചുകളും പിടികൂടിയിട്ടുണ്ട്.
ഗാര്‍ഡ സായുധസേന, ഡോഗ് യൂണിറ്റ് എന്നിവയുടെ സഹായത്തോടെ 80 ഗാര്‍ഡകളാണ് പരിശോധനയില്‍ പങ്കെടുത്തത്. പ്രദേശത്തെ ഒരു വീട്ടില്‍ നിന്നുമായിരുന്നു പൈപ്പ് ബോംബ് കണ്ടെടുത്തത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും, പരിശോധനയ്ക്ക് ശേഷം പ്രദേശം സുരക്ഷിതമാണെന്ന് അറിയിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
മറ്റിടങ്ങളിലെ പരിശോധനകള്‍ക്ക് ശേഷം അഞ്ച് പുരുഷന്മാരെയും, ഒരു സ്ത്രീയെയും ഗാര്‍ഡ അറസ്റ്റ് ചെയ്തു. മോഷണം, കൊള്ള, മയക്കുമരുന്ന് കുറ്റകൃത്യം എന്നിവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇതില്‍ സ്ത്രീ അടക്കം നാല് പേരെ പിന്നീട് വിട്ടയച്ചു.