ദിവസേന കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്ന് വായിക്കൂ…

ശരീരത്തിന് ഊര്‍ജ്ജം ലഭിക്കാനും, ‘ഓണ്‍’ ആയിരിക്കാനുമായി ഇടയ്ക്കിടെ കാപ്പി കുടിക്കുന്നവരാണ് നമ്മളില്‍ പലരും. ഐടി പോലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവരാണ് ഇക്കാര്യത്തില്‍ മുന്നില്‍. കാപ്പിയിലെ കഫീന്‍, ശരീരത്തിന് ഉണര്‍വ്വ് നല്‍കുന്നതില്‍ മുന്നിലാണെങ്കിലും, അമിതമായ കാപ്പി ഉപയോഗം ശരീരത്തിന് ദോഷം ചെയ്യും. അങ്ങനെയെങ്കില്‍ കാപ്പി കുടി പരിമിതപ്പെടുത്തേണ്ടത് എങ്ങനെ?

എത്ര കാപ്പി കുടിക്കാം?

ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസേന കഴിക്കാവുന്ന കഫീന്റെ അളവ് പരമാവധി 400 മില്ലിഗ്രാം ആണ്. സാധാരണയായി ഒരു കപ്പ് കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്റെ അളവ് 95 മില്ലിഗ്രാം ആണ്. അതായത് ഒരു ദിവസം പരമാവധി 4 കപ്പ് കാപ്പി കുടിക്കാം എന്ന് അര്‍ത്ഥം. ഇതില്‍ കൂടുതലായാല്‍ അത് ശരീരത്തിന് ദോഷം ചെയ്യും. അത് എന്തെല്ലാമെന്ന് വഴിയേ പറയാം.

കുട്ടികളിലെ കാപ്പി കുടി

4-6 പ്രായമുള്ള കുട്ടികള്‍ക്ക് ഒരു ദിവസം കഴിക്കാവുന്ന കഫീന്റെ അളവ് 45 മില്ലിഗ്രാമും, 7-12 വയസ് ആണെങ്കില്‍ 70 മില്ലിഗ്രാമും ആണെന്ന് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. പരീക്ഷയ്ക്കും മറ്റും മുമ്പേ പഠിക്കാനായി ഉണര്‍ന്നിരിക്കാന്‍ കാപ്പി കുടിക്കുമ്പോള്‍, കൗമാരക്കാരായ കുട്ടികള്‍ 2 കപ്പില്‍ കൂടുതല്‍ കുടിക്കുന്നില്ലെന്ന് ഉറപ്പാക്കണം.

കഫീന്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

കാപ്പി കുടിച്ചുകഴിഞ്ഞാല്‍ 15 മിനിറ്റിനുള്ളില്‍ കഫീന്‍ ശരീരത്തില്‍ പ്രവര്‍ത്തിച്ച് ഉണര്‍വ്വ് നല്‍കും. അതേസമയം ഈ കഫീനെ പുറന്തള്ളാന്‍ ശരീരം കൂടുതല്‍ സമയം എടുക്കുകയും ചെയ്യും. ഉള്ളിലെത്തിയ കഫീന്റെ 75% പുറന്തള്ളാന്‍ ശരീരം 6 മണിക്കൂറാണ് എടുക്കുക. 10 മണിക്കൂര്‍ കഴിഞ്ഞാലും കഫീന്‍ പൂര്‍ണ്ണമായും ശരീരം വിട്ടുപോകുകയുമില്ല.

കഫീന്‍ ഉണ്ടാക്കുന്ന അസുഖങ്ങള്‍ എന്തെല്ലാം?

കാപ്പി കഴിക്കുന്നത് ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുമെങ്കിലും അതിന്റെ പാര്‍ശ്വഫലങ്ങള്‍ വലുതാണ്. കാപ്പി വയറ്റിലെത്തിയാല്‍ ആമാശയം കൂടുതലായി ഗ്യാസ്ട്രിക് ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുമെന്നതിനാല്‍, ഗ്യാസ്, അസിഡിറ്റി, വയറിളക്കം മുതലായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു.

അതുപോലെ ഉറങ്ങുന്നതിന് മുമ്പായി കാപ്പി കുടിക്കുന്ന് ഉറക്കപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. വളരെ ശാന്തമായി ചെയ്യേണ്ട കാര്യമാണ് ഉറക്കം എന്നതിനാല്‍, അതിന് മുമ്പ് കാപ്പി വഴി ശരീരത്തെ ഉത്തേജിപ്പിച്ചാല്‍ എന്താവും ഫലം എന്ന് ഊഹിക്കാമല്ലോ…

അമിതമായി കാപ്പി ശരീരത്തില്‍ എത്തുന്നത് അസ്ഥിരോഗമായ ഓസ്റ്റിയോപൊറോസിസിനും കാരണമാകും.

കാപ്പി കുടിക്കേണ്ടത് എപ്പോള്‍?

ശരീരത്തിന് ഊര്‍ജ്ജം ലഭിക്കാനാണ് കാപ്പി കുടിക്കുന്നത്. അപ്പോള്‍ അതിന് ഏറ്റവും പറ്റിയ സമയം രാവിലെ ഉണരുമ്പോഴാണ്. ഇതോടെ ശരീരത്തിന് ഒരു ഉന്മേഷം ലഭിക്കും.

അതേസമയം രാത്രിയില്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കണം. ഉറക്കമില്ലായ്മ അല്ലെങ്കില്‍ വളരെ വൈകിയുള്ള ഉറക്കം എന്നത് ഇന്ന് മിക്കവരും അനുഭവിക്കുന്ന പ്രശ്‌നമാണ്. കാപ്പി അതിനൊരു മുതല്‍ക്കൂട്ട് ആകാതിരിക്കാന്‍ രാത്രിയില്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്.

Share this news

Leave a Reply

%d bloggers like this: