അയര്‍ലണ്ടിന്റെ ദേശീയ ആഘോഷങ്ങളിലൊന്നായ സെന്റ് പാട്രിക്‌സ് ഡേ ഇന്ന്. എല്ലാ വര്‍ഷവും മാര്‍ച്ച് 17-ന് ആഘോഷിക്കപ്പെടുന്ന സെന്റ് പാട്രിക്‌സ് ഡേ ദേശീയ പൊതു അവധിദിനവുമാണ്. എന്നാല്‍ ഇത്തവണത്തേത് ഞായറാഴ്ചയാണ് എന്നതിനാല്‍ പ്രത്യേക അവധിദിനം ഉണ്ടാകില്ല.
അയര്‍ലണ്ടിലെ ആദ്യത്തെ പാലകപുണ്യവാളനായ സെന്റ് പാട്രിക്കിന്റെ (c. 385 – c. 461) ഓര്‍മ്മയ്ക്കായാണ് ഈ ദിനം രാജ്യമെങ്ങും ആഘോഷപൂര്‍വ്വം കൊണ്ടാടുന്നത്. ഒപ്പം അയര്‍ലണ്ടില്‍ ക്രിസ്ത്യന്‍ മതം എത്തിയതിന്റെ കൂടി ആഘോഷമാണ് ഈ ദിനം.
തത്വത്തില്‍ മതപരമായ ആഘോഷം എന്ന് പറയാമെങ്കിലും അയര്‍ലണ്ടിന്റെ ചരിത്രം, സംസ്‌കാരം എന്നിവ വിളിച്ചോതുന്ന ദേശീയ ആഘോഷമാണ് സെന്റ് പാട്രിക്‌സ് ഡേ. തലസ്ഥാനമായ ഡബ്ലിനിലും മറ്റിടങ്ങളിലും ഈ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരേഡ് അതിന്റെ നേര്‍സാക്ഷ്യമാണ്.
പച്ച നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് സെന്റ് പാട്രിക്സ് ദിനത്തെ ജനങ്ങള്‍ വരവേല്‍ക്കുന്നത്. ഡബ്ലിനില്‍ നടക്കുന്ന പരേഡില്‍ ഇത്തവണ 5 ലക്ഷത്തോളം പേര്‍ കാഴ്ചക്കാരായി എത്തുമെന്നാണ് കരുതുന്നത്. പ്രശസ്തമായ Late Late Show അവതാരകന്‍ Patrick Kielty ആണ് ഇത്തവണ പരേഡിന്റെ ഗ്രാന്‍ഡ് മാര്‍ഷല്‍.
ഐറിഷ് വാക്കായ ‘Spréach’ ആണ് ഇത്തവണത്തെ ഡബ്ലിന്‍ ആഘോഷങ്ങളുടെ തീം. ഇംഗ്ലിഷില്‍ ‘spark’ എന്നാണ് ഇതിന്റെ അര്‍ത്ഥം. അയര്‍ലണ്ടിന്റെയും, അയര്‍ലണ്ടുകാരുടെയും മൗലികമായ അന്തഃസ്സത്ത പ്രതിഫലിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ഉച്ചയ്ക്ക് 12 മണിയോടെ Parnell Square North-ല്‍ നിന്ന് ആരംഭിക്കുന്ന പരേഡ്, Stephen’s Green-ന് സമീപം Kevin Street Lower-ല്‍ അവസാനിക്കും. ഇതിനിടെ O’Connell Street, Liffey, Westmoreland Street, Dame Street, Nicholas Street, Patrick Street എന്നിവിടങ്ങളിലൂടെയും പരേഡ് സഞ്ചരിക്കും.
പരേഡിന്റെ ഭാഗമായി റോഡുകളില്‍ യാത്രാ നിയന്ത്രണം ഉണ്ടാകും. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകള്‍ക്കും നിയന്ത്രണമുണ്ടാകും.
കോര്‍ക്കില്‍ ഉച്ചയ്ക്ക് 1 മണിയോടെ South Mall-ല്‍ നിന്നാണ് പരേഡ് ആരംഭിക്കുക. തുടര്‍ന്ന് Grand Parade വഴി St Patricks Street-ഉം കടന്ന് Merchants Quay-യില്‍ പരേഡ് അവസാനിക്കും. ‘Pure Imagination’ എന്നതാണ് ഇത്തവണ കോര്‍ക്ക് പരേഡിന്റെ തീം.
ഇവയ്ക്ക് പുറമെ ഗോള്‍വേ, ലിമറിക്ക് മുതലായ നഗരങ്ങളിലും, വടക്കന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റ്, ഡെറി എന്നിവിടങ്ങളിലും ഇന്ന് സെന്റ് പാട്രിക്‌സ് ഡേ പരേഡുകള്‍ നടക്കുന്നുണ്ട്.